ജമ്മു: ഇന്ത്യൻ അതിർത്തി രക്ഷാഭടനെ വെടിവച്ചും കഴുത്തറുത്തും കൊലപ്പെടുത്തി പാക്കിസ്ഥാൻ അതിർത്തി സേനയായ റേഞ്ചേഴ്സിന്റെ ക്രൂരത. സൈനിക മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള പാക് നടപടിയെ പൈശാചികം എന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക് നടപടി മേഖലയിൽ കനത്ത സംഘർഷത്തിനും വഴിയൊരുക്കി. ജവാനെ വെടിവച്ച ശേഷം കഴുത്തറുത്തെടുത്തും കണ്ണുകൾ ചുഴുന്നെടുത്തുമാണ് പാക്കിസ്ഥാന്റെ പൈശാചികത.
ചൊവ്വാഴ്‌ച രാവിലെ കാണാതായ ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ നരേന്ദ്ര കുമാറിനെയാണ് പാക് സേന നീചമായി കൊലപ്പെടുത്തിയത്. നരേന്ദ്ര കുമാറിന്റെ മൃതദേഹത്തിൽ വെടിയേറ്റ മൂന്ന് മുറിവുകളും കണ്ടെത്തി.
ജമ്മുവിന് സമീപം അന്താരാഷ്‌ട്ര അതിർത്തിയിലെ രാംഗർ സെക്‌ടറിലാണ് പാക് റേഞ്ചേഴ്സിന്റെ ക്രൂരത അരങ്ങേറിയത്. ഇതേ തുടർന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്താരാഷ്‌ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബി.എസ്.എഫ് അധികൃതർ പാക് റേഞ്ചേഴ്‌സിനെ ശക്തമായ പ്രതിഷേധം അറിയിക്കുകയും പരാതി നൽകുകയും ചെയ്‌തു.
അന്താരാഷ്‌ട്ര അതിർത്തിയിൽ ആദ്യമായാണ് ഇത്തരമൊരു ക്രൂരത അരങ്ങേറുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യാ ഗവൺമെന്റും വിദേശ മന്ത്രാലയവും ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇന്ത്യയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ പാക്കിസ്ഥാൻ ഓഫീസറുമായി പ്രശ്നം ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു.
നരേന്ദ്ര കുമാറിനെ കണ്ടെത്താൻ സംയുക്ത പട്രോളിങിന് ബി.എസ്.എഫ് പാക് റേഞ്ചേഴ്സിനെയും വിളിച്ചിരുന്നു. അവർ ഒരു നിശ്ചിത സ്ഥലം വരെ മാത്രം വന്ന ശേഷം പ്രദേശത്ത് ചെളിയും വെള്ളവും നിറഞ്ഞെന്ന കാരണം പറഞ്ഞ് പിന്മാറിയിരുന്നു. തുടർന്ന് ബി.എസ്.എഫിന്റെ തെരച്ചിൽ സംഘത്തിന് നേരെ വെടിവയ്‌ക്കരുതെന്ന് ഇന്ത്യ അഭ്യർത്ഥിച്ചെങ്കിലും റേഞ്ചേഴ്‌സ് പ്രതികരിച്ചില്ല. തുടർന്ന് സൂര്യാസ്തമയം വരെ കാത്തിരുന്ന ബി.എസ്.എഫ് ചൊവ്വാഴ്ച രാത്രി സാഹസികമായി നടത്തിയ തെരച്ചിലിലാണ് നരേന്ദ്ര കുമാറിന്റെ മൃതദേഹം അതിർത്തിയിലെ വേലിക്ക് സമീപം കണ്ടെത്തിയത്. രാത്രി തന്നെ അവർ മൃതദേഹം ഇന്ത്യൻ പോസ്റ്റിലേക്ക് തിരികെ കൊണ്ടുവന്നു.
ചൊവ്വാഴ്ച രാവിലെ 10.40ന് അതിർത്തി വേലിക്ക് സമീപത്തെ പുൽക്കാട് വെട്ടിത്തെളിക്കാനാണ് നരേന്ദ്ര കുമാർ ഉൾപ്പെട്ട ബി.എസ്.എഫ് പട്രോൾ സംഘം പോയത്. അവർക്ക് നേരെ പാക് റേഞ്ചേഴ്സ് വെടിവച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിനിടെയാണ് നരേന്ദ്ര കുമാറിനെ കാണാതായത്. പകൽ മുഴുവൻ പാക് സേനയുമായി ബി.എസ്.എഫ് ആശയവിനിമയം നടത്തിയെങ്കിലും നരേന്ദ്ര കുമാറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഭടനെ കാണാനില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.എഫ് തെരച്ചിലിന് ഇറങ്ങുകയായിരുന്നു.
ജമ്മുവിൽ ലേസർ നിയന്ത്രിത അതിർത്തി സംരക്ഷണ പദ്ധതി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചയ്തതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രകോപനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates