India

'പാവങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു, അവരുടെ അരി എടുത്ത് പണക്കാര്‍ക്കായി സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നു'; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ 

ദരിദ്രജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട അരി എടുത്ത് പണക്കാരുടെ കൈ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മ്മിക്കാന്‍ ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട അരി എടുത്ത് പണക്കാരുടെ കൈ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

 രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള മുഖ്യ ആയുധം എന്ന നിലയില്‍ വ്യാപകമായ തോതിലാണ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് എഥനോള്‍ നിര്‍മ്മിക്കാന്‍ ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കുകയാണ്. ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ മുഖ്യമായി ഉപയോഗിക്കുന്ന ഒന്നാണ് എഥനോള്‍. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

'എല്ലാത്തിനുമുപരി, എന്നാണ് ദരിദ്രജനവിഭാഗങ്ങള്‍ ഉണരുക?, നിങ്ങള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്. അവര്‍ നിങ്ങളുടെ അരി വിഹിതം എടുത്ത് പണക്കാര്‍ക്ക് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുളള തിരക്കിലാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം രാജ്യത്തെ പല ഭാഗങ്ങളിലായി ജനം ഭക്ഷണം ഇല്ലാതെ വലയുമ്പോള്‍ അരി ഉപയോഗിച്ച് എഥനോള്‍ നിര്‍മ്മിക്കാനുളള തീരുമാനം വ്യാപകമായ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തുന്നത്. പെട്രോളിയം, പാചക വാതക വകുപ്പ് മന്ത്രി അധ്യക്ഷനായ നാഷണല്‍ ബയോ ഫ്യൂവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അനുമതി.

അരിയും ഗോതമ്പും ഉള്‍പ്പെടെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കൈവശം 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ജനങ്ങള്‍ക്കുള്ള കരുതല്‍ ശേഖരം കഴിഞ്ഞാലും ഇതില്‍ മിച്ചം വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മിച്ചമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റം ചെയ്യാന്‍ 2018ലെ ദേശിയ ബയോ ഫ്യൂവല്‍ നയം അനുവദിക്കുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പഞ്ചസാര കമ്പനികളെയും, ഡിസ്റ്റിലറികളെയും എഥനോള്‍ ഉപയോഗിച്ച് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT