കൊച്ചി: സംസ്ഥാനത്തെ നേഴ്‌സറികളില്‍ പോളിത്തീന്‍ ബാഗുകളില്‍ തൈകള്‍ നട്ടുവളര്‍ത്തുന്നത് നിരോധിച്ചു. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കവറുകള്‍ നിരോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവിറക്കിയത്. നേഴ്‌സറികളില്‍ നിന്ന് വാങ്ങുന്ന തൈകള്‍ നട്ടശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ പരിസരമലിനീകരണം രൂക്ഷമാക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. പുനരുപയോഗിക്കാവുന്ന ഗ്രോബാഗുകള്‍ക്ക് നിരോധനം ഇല്ല.
2022 ആകുമ്പോഴെക്കും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് രാജ്യത്തെ മുക്തമാക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം കോടിക്കണക്കിന് ബാഗുകളാണ് ഇങ്ങനെ മണ്ണില്‍ നിക്ഷേപിക്കപ്പെടുന്നത്. ഫ്ഌക്‌സ് അടക്കമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നതിനിടെയാണ് നേഴ്‌സറികളിലെ ഉപയോഗം വിലക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം.
പരിസ്ഥിതി ദിനം പോലുള്ള അവസരങ്ങളില്‍ രാജ്യത്താകെ നടാനുപയോഗിക്കുന്ന തൈകളില്‍ ഏതാണ്ട് പൂര്‍ണമായും എത്തുന്നത് പുനരുപയോഗിക്കാനാകാത്ത പ്ലാസ്റ്റിക്ക് ബാഗുകളിലാണ്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വനം വകുപ്പിന് കീഴില്‍ വനം വല്‍ക്കരണത്തിനായി വിത്ത് നടുന്നതിനും തൈകള്‍ വിതരണം ചെയ്യുന്നതിനും പോളിത്തീന്‍ ബാഗുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത സീസണ്‍ മുതല്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച് 12നാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ സ്വകാര്യ നേഴ്‌സറികളില്‍ ഉള്‍പ്പടെ ഇനി മുതല്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ചില നേഴ്‌സറികളില്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് പകരം ചിരട്ട, ചകിരി, എന്നിവ കൊണ്ടുള്ള നടീല്‍ ബാഗുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നുണ്ട്. മണ്ണില്‍ ലയിക്കുന്ന വാഴനാര് കൂടുപോലുള്ള സംവിധാനങ്ങളും പലനേഴ്‌സറികളും പരിശോധിക്കുന്നുണ്ട്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates