ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ തീഹാർ ജയിലിൽ ആശങ്ക. ബലാത്സംഗക്കേസിൽ പ്രതിയായ ആളെ ദിവസങ്ങൾക്ക് മുമ്പ് ഇവിടുത്തെ രണ്ടാം നമ്പർ ജയിലിൽ എത്തിച്ചിരുന്നു. ഇയാൾ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട പെൺകുട്ടിക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ആശങ്ക ഉയർന്നത്.
ബലാത്സംഗക്കേസിലെ പ്രതിയെ ജയിൽ അധികൃതർ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാ ഫലം വന്നിട്ടില്ല. ഇയാൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടാൽ ഇയാൾക്കൊപ്പം സെല്ലിൽ അടച്ചിരുന്നവർ അടക്കമുള്ളവർക്കും കോവിഡ് 19 ബാധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ജയിൽ അധികൃതർ.
അധോലോക കുറ്റവാളി ഛോട്ടാ രാജൻ ബിഹാറിലെ മാഫിയ തലവൻ ഷഹാബുദ്ദീൻ എന്നിവർ അടക്കമുള്ളവരെ തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. എന്നാൽ ഇവരെയെല്ലാം അതീവ സുരക്ഷയോടെ പ്രത്യേക സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയാണ്. കോവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കൽ അടക്കമുള്ളവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. പുതിയതായി ജയിലിൽ എത്തുന്നവരെയെല്ലാം കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates