India

ബിജെപി മുള്‍മുനയില്‍; രണ്ടു സ്വതന്ത്രരും കോണ്‍ഗ്രസിന് ഒപ്പം;പിന്തുണ 118 ആയി വര്‍ധിച്ചതായി ജെഡിഎസ് സഖ്യം 

നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര എംഎല്‍എമാരെയും കൂടെകൂട്ടി ഭൂരിപക്ഷം ഒപ്പിക്കാനുളള ബിജെപിയുടെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് വിധാന്‍ സഭയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും നാഗേഷും പങ്കെടുത്തു. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുളള എംഎല്‍എമാരുടെ പിന്തുണ 118 ആയി വര്‍ധിച്ചതായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശവാദമുന്നയിച്ചു. 

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ വിളളല്‍ വീഴ്ത്തി അധികാരം നിലനിര്‍ത്താമെന്ന് സ്വപ്‌നം കാണുന്ന ബിജെപിയ്ക്ക് സ്വതന്ത്രരുടെ മലക്കം മറിച്ചില്‍ അമ്പരപ്പ് സൃഷ്ടിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ എംഎല്‍എമാരായ സ്വതന്ത്രര്‍ക്ക് വലിയ പ്രസക്തിയാണ് കൈവന്നിരിക്കുന്നത്. ആര്‍ ശങ്കറും, നാഗേഷുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഇതില്‍ ആര്‍ ശങ്കറിന്റെയും നാഗേഷിന്റെയും നിലപാടുകളാണ് ബിജെപിയെ ആശങ്കയിലാഴ്ത്തിയത്.

ബിഎസ് യെദ്യൂരപ്പയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന ബിജെപി യോഗത്തില്‍ ആര്‍ ശങ്കര്‍ പങ്കെടുത്തിരുന്നു. ബിജെപി പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. എന്നാല്‍ വൈകീട്ട് കോണ്‍ഗ്രസ് ക്യാമ്പിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടതാണ് ബിജെപിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചത്.രാവിലെ, ശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നതായി യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വൈകീട്ടോടെ മലക്കം മറിഞ്ഞ ശങ്കര്‍ കോണ്‍ഗ്രസിനോടുളള കൂറ് പ്രഖ്യാപിക്കുകയായിരുന്നു.

റാണെബെന്നൂര്‍ മണ്ഡലത്തില്‍ മുന്‍ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ബി കോളിവാദിനെ പരാജയപ്പെടുത്തിയാണ് ശങ്കര്‍ വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ ശങ്കര്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസുമായി അകന്ന ശങ്കറിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിച്ചു പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നാഗേഷ് ബിജെപിയിലേക്ക് എന്ന തരത്തില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ തന്നെ എന്ന് ഉറപ്പിച്ച് നാഗേഷ് നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ അടുത്ത അനുയായിയായ നാഗേഷ് കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മത്സരിച്ചത്. കോളാര്‍ ജില്ലയില്‍ മള്‍ബാഗല്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT