മുംബൈ: മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതിത്വം തുടരുകയാണ്. അതിനിടെ മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നത് ആലോചിക്കുമെന്ന് ശിവസേന മുന്നറിയിപ്പ് നൽകി. മുഖപത്രമായ സാമ്നയില്‍ നല്‍കിയ മുഖപ്രസംഗത്തിലാണ് ഇതുസംബന്ധിച്ച് ബിജെപിക്ക് ശിവസേന മുന്നറിയിപ്പ് നൽകിയത്. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സഭയില്‍ അവര്‍ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും ശിവസേന പറയുന്നു.
മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്നും പ്രധാന വകുപ്പുകള്‍ ലഭിക്കണമെന്നതുമാണ് ശിവസേനയുടെ അവശ്യം. എന്നാല്‍ ബിജെപി ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ദേവേന്ദ്ര ഫട്നാവിസ് തന്നെ അടുത്ത അഞ്ച് കൊല്ലം മുഖ്യമന്ത്രിയായി തുടരണം എന്ന വാശിയിലാണ് ബിജെപി. ശിവസേനയുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്നതാണ് ബിജെപിയുടെ നിലവിലുള്ള നിലപാട്.
ഇപ്പോള്‍ മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് ശിവസേന. ശിവസേനയ്ക്ക് 56 എംഎല്‍എമാരാണ് ഉള്ളത്. രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന നിലയില്‍ ശിവസേന വേണമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കും. എന്‍സിപിയും, കോണ്‍ഗ്രസും പിന്തുണച്ചാല്‍ ഈ അവകാശവാദത്തിന് 170 അംഗങ്ങളുടെ പിന്തുണയുണ്ടാകും ശിവസേന അവകാശപ്പെടുന്നു.
എന്‍സിപിയുമായും, കോണ്‍ഗ്രസുമായി പ്രത്യശാസ്ത്ര പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മഹാരാഷ്ട്രയുടെ താത്പര്യങ്ങള്‍ പരിഗണിച്ച് എല്ലാം പരിഹരിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും ശിവസേന പറയുന്നു. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റൗട്ട് കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് പാര്‍ട്ടിയെന്ന് വ്യക്തമാക്കിയിരുന്നു. റൗട്ട് എന്‍സിപി നേതാവ് ശരത് പവാറിനെ കണ്ടതോടെ ശിവസേന സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു.
നവംബര്‍ എട്ടിനാണ് നിലവിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നത്. അതിനാല്‍ നവംബര്‍ ഏഴിനെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണം. നവംബര്‍ എട്ട് കഴിഞ്ഞാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍വരും. ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി 105 സീറ്റാണ് അവര്‍ക്കുള്ളത്. 288 അംഗങ്ങളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates