ന്യൂഡല്‍ഹി : രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിനെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍. വിവാദ ബില്‍ പൂര്‍ണവും സന്തുലിതവുമാണെന്നാണ് കേന്ദ്ര നിയമ സഹമന്ത്രി പി പി ചൗധരി അഭിപ്രായപ്പെട്ടത്. ഈ കാലഘട്ടത്തില്‍ വളരെ അനിവാര്യമാണ് ഈ നിയമമെന്നും കേന്ദ്രമന്ത്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താകൂ എന്നാണ് ഓര്‍ഡിനന്‍സ് നിഷ്‌കര്‍ഷിക്കുന്നത്. വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ രണ്ട് ബിജെപി അംഗങ്ങള്‍ എതിര്‍ത്തു.
വിവാദ ഓര്‍ഡിനന്‍സില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നിയമസഭ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ഡൂഡിയുടെ നേതൃത്വത്തില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. വിവാദ കരിനിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് അവതരിപ്പിച്ചശേഷം സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
ബിജെപി സര്‍ക്കാര്‍ അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. വിവാദ ഓര്‍ഡിനന്‍സ് പൊതു നിരീക്ഷണത്തിന് കനത്ത തിരിച്ചടിയാണ്. ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബില്ലില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിഷേധിച്ചു. ഇത് 21 ആം നൂറ്റാണ്ടാണ്. ഇത് 1817 അല്ല, 2017 ആണ്. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
വിവാദ ഓര്‍ഡിനന്‍സിനെതിരെ നിയമജ്ഞര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ഓര്‍ഡിനന്‍സ് അഴിമതിക്കാരെ സംരക്ഷിക്കലാണെന്നും, രാഷ്ട്രീയക്കാര്‍ക്ക് അഴിമതി കാണിക്കാം, അന്വേഷണം പാടില്ലെന്ന് പറയുന്നത് അതിശയകരമാണെന്നും പ്രമുഖ അഭിഭാഷകനായ ശാന്തിഭൂഷണ്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒളിക്കുന്നത് എന്താണെന്ന് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് ജനറല്‍ സെക്രട്ടറി കവിത ശ്രീവാസ്തവ ചോദിച്ചു. വിവാദ ഒാര്‍ഡിനന്‍സിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കവിത വ്യക്തമാക്കി.
അതിനിടെ വിവാദ ഓര്‍ഡിനന്‍സിനെതിരെ രാജസ്താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഒരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. ഓര്‍ഡിനന്‍സ് ഏകപക്ഷീയവും വഞ്ചനാപരവുമാണ്. മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണ് ബി്ല്ലിലെ നിര്‍ദേശങ്ങളെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates