ന്യൂഡല്‍ഹി: സ്വാതന്ത്ര്യം കിട്ടി 70വര്‍ഷത്തിന് ശേഷം ബിജെപിയുടെ ഭരണത്തിന് കീഴിലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉള്‍പ്പെടെയുളള സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെ ബിജെപി ഭരണത്തിന് കീഴില്‍ നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങള്‍ എണ്ണിപ്പറഞ്ഞ് തന്റെ ആദ്യ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിട്ടു.
ബിജെപി ഭരണത്തിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. അയോധ്യ കേസില്‍ വിധി വന്നതും സ്വാതന്ത്ര്യം കിട്ടി 70വര്‍ഷത്തിന് ശേഷമാണ്. കര്‍ത്താപൂര്‍ ഇടനാഴി, ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കം പരിഹരിക്കല്‍, പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളും തുടര്‍ച്ചയായ രണ്ടാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായതെന്നും മോദി ഓര്‍മ്മിപ്പിച്ചു.ഈ ദശാബ്ധത്തിന് ഒന്നാകെ ദിശാസൂചിക നല്‍കുന്നതാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്രബജറ്റ്. യുവജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും മധ്യവര്‍ഗത്തിനും സ്ത്രീകള്‍ക്കും ഗുണം ചെയ്യുന്ന ബജറ്റാണിതെന്നും കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി റാലിയില്‍ പങ്കെടുത്ത് മോദി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജാമിയയിലും ഷഹീന്‍ ബാഗിലും സീലാംപൂറിലും നടന്നുവരുന്ന പ്രതിഷേധങ്ങള്‍ യാദൃച്ഛികമായി സംഭവിച്ചതാണ് എന്ന് പറയാന്‍ കഴിയുമോ?. ഇതൊരു പരീക്ഷണമാണ്. അല്ലാതെ ഈ പ്രതിഷേധങ്ങള്‍ ഒരേ സമയത്ത് സംഭവിച്ചതാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
സാധാരണക്കാരെ ബാധിക്കുന്നതാകരുത് പ്രതിഷേധങ്ങള്‍ എന്നതാണ് സുപ്രീംകോടതിയുടെ നിലപാട്. പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലും തീവയ്പിലും സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും അതൃപ്തി രേഖപ്പെടുത്തിയ കാര്യവും മോദി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരില്‍ നിന്ന് വേണ്ട ഉറപ്പു ലഭിച്ചുകഴിഞ്ഞാല്‍ ഒരു നിയമത്തിനെതിരെയുളള പ്രതിഷേധങ്ങള്‍ അവസാനിക്കേണ്ടതാണ്. എന്നാല്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്. ഭരണഘടനയും ദേശീയ പതാകയും മുന്‍പില്‍ വച്ച് ശ്രദ്ധതിരിച്ചുവിടാനാണ് അവര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ ഗൂഢാലോചനയില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് കോണ്‍ഗ്രസും ആപ്പും ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.
മിന്നലാക്രമണ സമയത്ത് സേനകളുടെ കഴിവില്‍ ഇവര്‍ സംശയം പ്രകടിപ്പിച്ചു. ഇത്തരം ആളുകള്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ വരണമെന്നാണോ ഡല്‍ഹിയിലെ ജനം ആഗ്രഹിക്കുന്നതെന്ന് മോദി ചോദിച്ചു. ഇന്ത്യയെ ഛിന്നഭിന്നമാക്കണമെന്ന് ആഗ്രഹിക്കുന്നവരെ രക്ഷിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.
രാജ്യത്തെ ജനങ്ങള്‍ക്ക് ലോക്പാല്‍ എന്ന സംവിധാനം ലഭിച്ചു. എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഇപ്പോഴും ലോക്പാലിനായി കാത്തിരിക്കുകയാണ്. രാജ്യത്തിന്റെ മാറ്റത്തിനായാണ് ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടുചെയ്തത്. ഇപ്പോള്‍ ഡല്‍ഹിയെ ആധുനികവത്കരിക്കുന്നതിന് തലസ്ഥാനത്തെ ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates