റായ്പൂര്‍ : ബിജെപി നേതാവും ഛത്തീസ്ഗഡ് പൊതുമരാമത്ത് മന്ത്രിയുമായ രാജേഷ് മുനട്ടിനെതിരായ ലൈംഗികാരോപണക്കേസില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ബാഗലിനെ പൊലീസ് കേസെടുത്തു. സെക്‌സ് വീഡിയോ ഉണ്ടെന്ന് പറഞ്ഞ് മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. മന്ത്രിയുടെ ലൈംഗികദൃശ്യങ്ങളടങ്ങിയ സിഡി കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ ബിബിസി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഐടി ആക്ട് അടക്കമുള്ള നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വ്യാജ സെക്‌സ് സിഡി ആരോപണം ഉന്നയിച്ച്, വിനോദ് വര്‍മയും, ഭൂപേഷ് ബാഗലും തന്നെ താറടിക്കാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി മന്ത്രി രാജേഷ് മുനാട്ട് റായ്പൂരിലെ സിവില്‍ലൈന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണ്. വിനോദ് വര്‍മയും ഭൂപേഷ് ബാഗലും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നില്‍. ആരോപണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും മന്ത്രി രാജേഷ് മുനാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ സിഡി കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ വിനോദ് വര്‍മയെ വ്യാഴാഴ്ച പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകനായ പ്രകാശ് ബജാജ് പന്താരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വര്‍മയെ അറസ്റ്റുചെയ്തത്.
ഒക്ടോബര്‍ 24 നാണ് ഒരാള്‍ തനിക്ക്, മന്ത്രിയുടെ ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് നല്‍കുന്നത്. താന്‍ അത് ലാപ്‌ടോപ്പിലേക്ക് പകര്‍ത്തി. എന്നാല്‍ പൊലീസ് ഇപ്പോള്‍ സെക്‌സ് സിഡി കൈവശമുണ്ടെന്ന് ആരോപിച്ച് കേസെടുത്ത് അറസ്റ്റുചെയ്തിക്കുകയാണ്. തനിക്കെതിരെ തെറ്റായ കേസെടുത്ത്, കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമാണെന്നും വിനോദ് വര്‍മ ആരോപിച്ചു.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ് വര്‍മ, ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിന്റെ മാധ്യമ പ്രവര്‍ത്തകുനേരെയുള്ള അക്രമസംഭവങ്ങളുടെ തെളിവുകള്‍ ശേഖരിച്ചു വരികയായിരുന്നു. അമര്‍ ഉജ്വലയുടെ മുന്‍ ഡിജിറ്റല്‍ എഡിറ്ററായ വിനോദവര്‍മ നിലവില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates