India

മുന്‍കൂര്‍ ജാമ്യം തേടി ഹണിപ്രീത് ഡല്‍ഹി ഹൈക്കോടതിയിലേക്ക്

അതേസമയം ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ബലാത്സംഘക്കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്ത് പുത്രി ഹണിപ്രീത് ഇന്‍സാന്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതായി അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. ഗുര്‍മീതിന് ശിക്ഷ വിധിച്ചതിനു ശേഷമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഹണിപ്രീതിനായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഹണിപ്രീതിന്റെ നീക്കം.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 43 പേരെയാണ് പൊലീസ് തിരയുന്നത്. പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീതിന്റെ ശരിയായ പേര്. ഇവര്‍ക്കു വേണ്ടി നേരത്തെ പോലീസ് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രദീപ് കുമാര്‍ ആര്യ എന്ന അഭിഭാഷകനാണ് ഹണിപ്രീതിനു വേണ്ടി മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം ഹണിപ്രീത് നേപ്പാളിലേക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. 

ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ഗിത മിത്തല്‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ പറഞ്ഞു. അതേസമയം, തനിക്കെതിരായ പ്രത്യേക സി.ബി.ഐ കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഗുര്‍മീത് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്ക് ലൈംഗികശേഷിയില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഗുര്‍മീതിന്റെ വാദം.

ഗുര്‍മീതിന്റെ കാലശേഷം ദേരാ സച്ചാ സൗധയുടെ ചുമതലക്കാരിയായി ഹണിപ്രീതിനെയാണ് പരിഗണിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചതോടെ റാം റഹീം സിംഗിനെ ജയിലിലെത്തിക്കും വരെ ഹണിപ്രീത് അനുഗമിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണ് ഈ യാത്ര എന്നായിരുന്നു റിപ്പോര്‍ട്ട്. 

റാം റഹീം സിംഗ് സിനിമകളിലും ഹണിപ്രീത് നിറസാന്നിദ്ധ്യമായിരുന്നു. ഇവരെ കൂടാതെ ഗുര്‍മീതിന്റെ മകളായ അമന്‍പ്രീതിന്റെ പേരും പിന്‍ഗാമി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. ഭാര്യ ഹര്‍ജീത് കൗറില്‍ രണ്ട് മക്കളാണ് ഗുര്‍മീതിനുള്ളത്. ചരണ്‍പ്രീതും അമന്‍പ്രീതും.

20 വര്‍ഷം കഠിനതടവും 30 ലക്ഷം രൂപ പിഴയുമാണ് കോടതി ഗുര്‍മീതിന് ശിക്ഷ വിധിച്ചത്. കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ഗുര്‍മീതിന്റെ അനുയായിള്‍ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. 40 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം