India

മോദിക്ക് ക്ലീന്‍ചിറ്റ് : തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ; ചട്ടലംഘനം തന്നെയെന്ന് ഒരംഗം ; തീരുമാനം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ?

മൂന്നംഗ കമ്മിഷനിലെ ഒരംഗം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോട് വിയോജിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മോദിയുടെ പ്രസംഗം പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമെന്ന് ഒരംഗം അഭിപ്രായപ്പെട്ടപ്പോള്‍, പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമില്ലെന്ന് മറ്റ് രണ്ട് അംഗങ്ങള്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. 

ഇതോടെ ഭൂരിപക്ഷം അനുസരിച്ച് തീരുമാനമെടുക്കുകയെന്ന അപൂര്‍വമായി മാത്രം കൈക്കൊള്ളുന്ന നടപടിയിലൂടെയാണ് രണ്ട് പരാതികളില്‍ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മിഷന്‍ പ്രഖ്യാപിച്ചത്. 
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലും, സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചു എന്ന പരാതിയിലും മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കാനുള്ള തീരുമാനത്തിലാണ് ഭിന്നത ഉടലെടുത്തത്. 

മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മോദി വിമര്‍ശിച്ചത്. ഭൂരിപക്ഷ സമുദായത്തെ ഭയന്ന് ന്യൂനപക്ഷങ്ങളുള്ള മണ്ഡലത്തില്‍ രാഹുല്‍ അഭയം തേടിയെന്നായിരുന്നു മോദിയുടെ പ്രസംഗം. മഹാരാഷ്ട്രയിലെ തന്നെ ലാത്തൂരില്‍ വെച്ചാണ് കന്നിവോട്ടര്‍മാര്‍ ധീരജവാന്മാര്‍ക്കായി വോട്ട് സമര്‍പ്പിക്കണമെന്ന് മോദി ആഹ്വാനം ചെയ്തത്. 

മോദിയുടെ ഈ പ്രസംഗങ്ങള്‍ക്കെതിരായ പരാതികള്‍ പരിഗണിച്ചപ്പോള്‍, മൂന്നംഗ കമ്മിഷനിലെ ഒരംഗം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോട് വിയോജിക്കുകയായിരുന്നു. അതേസമയം ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനല്ല എന്ന മോദിയുടെ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏകകണ്ഠമായാണ് തീരുമാനിച്ചത് 

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, കമ്മിഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍. കമ്മിഷന്റെ ചട്ടം പത്ത് പ്രകാരം തീരുമാനങ്ങള്‍ കഴിവതും ഏകകണ്ഠമായിട്ടായിരിക്കണമെന്ന് നിര്‍ദേശിക്കുന്നു. ഭിന്നത ശക്തമാണെങ്കില്‍ മാത്രം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം.

2009ല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ പരാതി തീര്‍പ്പാക്കുന്നതിലും കമ്മിഷനില്‍ ഭിന്നതയുണ്ടായിരുന്നു. ബെല്‍ജിയം സര്‍ക്കാരിന്റെ ബഹുമതി സ്വീകരിച്ച സോണിയയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യയാക്കണമെന്നായിരുന്നു പരാതി. കമ്മിഷന്‍ ശുപാര്‍ശകള്‍ രാഷ്ട്രപതിയുടെ തീരുമാനത്തിനായി സമര്‍പ്പിക്കുകയായിരുന്നു അന്ന് ചെയ്തത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ പരാതികളില്‍ തിങ്കളാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. മോദിക്കും ഷാക്കുമെതിരായി കോണ്‍ഗ്രസ് നല്‍കിയ ഒമ്പതുകേസുകളില്‍ തീരുമാനമെടുക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കേസ് തിങ്കളാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്