India

യെദ്യൂരപ്പ കര്‍ണാടകയുടെ 23മത് മുഖ്യമന്ത്രി; ആഘോഷങ്ങള്‍ അധികമില്ലാതെ സത്യപ്രതിജ്ഞ ചടങ്ങ്

സുപ്രീംകോടതി വരെയെത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയിലെ 23മത് മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഡെസ്ക്


ബെംഗലൂരു: സുപ്രീംകോടതി വരെയെത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയിലെ 23മത് മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് വെള്ളിയാഴ് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് മറ്റ് മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആഘോഷങ്ങള്‍ അധികമില്ലാതെയാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.  കര്‍ണാടക രാജ്ഭവന് മുന്നിലെ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍ ജെ.പി നഡ്ഡ എന്നിവര്‍ ചടങ്ങിനെത്തി. ദൈവത്തിന്റെയും കര്‍ഷകരുടേയും പേരിലായിരുന്നു സത്യപ്രതിജ്ഞ.

സത്യപ്രതകിജ്ഞ തടയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചത്. എന്നാല്‍ നിലവില്‍ കേവലഭൂരിപക്ഷമായ 113 അംഗങ്ങള്‍ ബിജെപിക്കൊപ്പമില്ല. 104 എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ബിജെപിക്കൊപ്പമുള്ളത്.

ഒരുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും പരമാവധി എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുക എന്നതായിരിക്കും ഇനി ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ചാക്കിട്ടു പിടുത്തും ഒഴിവാക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗവര്‍ണരുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി സ്‌റ്റേ അനുവദിക്കാതിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി നിലപാട് വ്യക്തമാക്കി.

അര്‍ധരാത്രിയില്‍ ആരംഭിച്ച് പുലര്‍ച്ചേയോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബിജെപിക്ക് അനുകൂലമായി സുപ്രീംകോടതി നിലപാടെടുത്തത്. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുലര്‍ച്ചെ 2.10ന് തുടങ്ങിയ വാദംകേള്‍ക്കല്‍ നാലേകാലോടെയാണ് അവസാനിച്ചത്.

സര്‍ക്കാരിയ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം, സര്‍ക്കാരുണ്ടാക്കാന്‍ മൂന്നാമത്തെ പരിഗണന നല്‍കേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴി!ഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വാദിച്ചു. കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടി, അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യങ്ങളില്‍ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകള്‍. ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്കു വേണ്ടി എത്തിയ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും സിങ്‌വിയുടെ വാദങ്ങളെ എതിര്‍ത്തു. തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവര്‍ണറുടെ അധികാരത്തില്‍ ഇപ്പോള്‍ ഇടപെടുന്നതെങ്ങനെയെന്നു സുപ്രീംകോടതി ഹര്‍ജിക്കാരോടു ചോദിച്ചു. ഗവര്‍ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്തെ ഭരണരംഗത്തു ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് കാവല്‍സര്‍ക്കാര്‍ ഉണ്ടല്ലോ എന്നായിരുന്നു സിങ്‌വിയുടെ മറുപടി.


സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നതു മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണ്‌സിങ്വി പറഞ്ഞു.

പാതിരാത്രിയില്‍ പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ആരെങ്കിലും (യെദ്യൂയൂരപ്പ) സത്യപ്രതിജ്ഞ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നായിരുന്നു റോഹ്തഗി ചോദ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

SCROLL FOR NEXT