ന്യൂഡല്‍ഹി: പ്രളയത്തിനും വെള്ളപ്പൊക്കത്തിനും പിന്നാലെ രാജ്യത്തെ പല സംസ്ഥാനങ്ങളും കൊടു വരള്‍ച്ചയുടെ പിടിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 251 ജില്ലകളെ വരള്‍ച്ച സാരമായി ബാധിച്ചേക്കാമെന്നാണ് ഔദ്യോഗിക കണക്കുകള്‍. കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ 20-59 വരെ മാത്രം മഴ കിട്ടിയ സംസ്ഥാനങ്ങളെയാണ് വരള്‍ച്ച ബാധിതമായി കണക്കാക്കിപ്പോരുന്നത്.
രാജ്യത്ത് സാധാരണ അളവില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ലഭിച്ചിട്ടും വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. ജൂണ്‍ ഒന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ 117 ദിവസം നീണ്ടു നിന്നിട്ടും പല സംസ്ഥാനങ്ങളിലും മതിയായ അളവില്‍ മഴ പെയ്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയില്‍ മാത്രം 23 ജില്ലകളെയാണ് വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ 22 ഉം, ബിഹാറിലെ 27 ഉം ജില്ലകളിലും വരള്‍ച്ച രൂക്ഷമാണ്. മണിപ്പൂര്‍(-58%), ലക്ഷദ്വീപ് (-48%),മേഘാലയ(-40%), അരുണാചല്‍ പ്രദേശ് (-31%)എന്നീ സംസ്ഥാനങ്ങളില്‍ മഴ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് ലഭിച്ചിട്ടുള്ളത്. വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ രണ്ടിലൊന്ന് സംസ്ഥാനങ്ങളിലും മഴയുടെ ദൗര്‍ലഭ്യം പ്രകടമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്ത്(-27%), ജാര്‍ഖണ്ഡ്(-26%), ബിഹാര്‍(-23%), ത്രിപുര(-21%)അസം, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍(-19%) എന്നിങ്ങനെയാണ് മഴയില്‍ ഉണ്ടായ കുറവ്.
കഴിഞ്ഞ 110 വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ലഭിക്കുന്ന മഴയുടെ അളവില്‍ ആറ് ശതമാനം വര്‍ധനയുണ്ടായി. നാല് ദിവസം കൊണ്ട് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ 95 ശതമാനം മഴയും മുംബൈയില്‍ 50 ശതമാനവും മഴ പെയ്തിരുന്നു.
അന്തരീക്ഷത്തില്‍ എയ്‌റോസോളുകളുടെ സാന്നിധ്യം വര്‍ധിച്ചതായും ഇതാണ് ഉയര്‍ന്ന അളവിലുള്ള മഴ ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്നതിനും പൊടുന്നനേ വരള്‍ച്ച ഉണ്ടാകുന്നതിനും കാരണമാകുന്നതെന്നും ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ പെയ്യേണ്ട മഴയുടെ അളവിനും പുറമേ നാലിലൊന്ന് മഴ കൂടി കേരളവും ഹിമാചല്‍ പ്രദേശും മഹാരാഷ്ട്രയും പോലുള്ള സംസ്ഥാനങ്ങളില്‍ പെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates