ലഖ്‌നൗ: അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ നാളെ നടക്കാനിരിക്കെ രാവണ ക്ഷേത്രത്തിലെ പൂജാരി മഹന്ത് രാംദാസ് അതിന്റെ ആഹ്ലാദത്തിലാണ്. അയോധ്യയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെ ഗൗതം ബുദ്ധ നഗറിലെ ബിസ്‌റാഖിലാണ് രാമായണത്തില്‍ രാമന്റെ കൈകളാല്‍ മരിച്ച രാവണന്റെ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂജാരിയാണ് മഹന്ത് രാംദാസ്.
ഭൂമി പൂജ കഴിയുന്ന നിമിഷത്തില്‍ മധുരം വിതരണം ചെയ്ത് അത് ആഘോഷിക്കുമെന്ന് അദ്ദേഹം പറയുന്നു. 'അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി ഭൂമി പൂജ നടക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഭൂമി പൂജ കഴിഞ്ഞാലുടന്‍ ഞാന്‍ ലഡു വിതരണം ചെയ്ത് ആ സന്തോഷ നിമിഷം ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി ഭൂമി പൂജ നടക്കുന്നത് വളരെ വലിയ കാര്യമാണ്. അവിടെ രാമന്റെ മഹാക്ഷേത്രം ഉയരുന്നതില്‍ അതിയായ ആഹ്ലാദമുണ്ട്'- അദ്ദേഹം പറഞ്ഞു.
'രാവണന്‍ ഇല്ലെങ്കില്‍ രാമനെക്കുറിച്ച് ആരും ഒന്നും അറിയില്ല. രാമന്റെ അഭാവത്തില്‍ രാവണനെക്കുറിച്ചും ആര്‍ക്കും ഒന്നും അറിയാന്‍ കഴിയില്ല. പ്രാദേശിക വിശ്വാസമനുസരിച്ച് രാവണന്റെ ജന്മ ദേശമാണ് ബിസ്‌റാഖ്. ഞങ്ങള്‍ രാവണ ജന്മഭൂമി എന്നാണ് ഈ സ്ഥലത്തിനെ വിളിക്കുന്നത്'- രാംദാസ് വ്യക്തമാക്കി.
രാവണന്‍ നിരവധി കഴിവുകളുള്ള ബഹുമുഖ പ്രതിഭയായിരുന്നു. സീതയെ കൊണ്ടു വന്ന രാവണന്‍ അവരെ കൊട്ടാരത്തിലേക്ക് കൊണ്ടു പോയില്ലെന്നും അശോകവടിയില്‍ തന്നെ താമസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. രാമന്‍ മര്യാദ പുരുഷോത്തമന്‍ എന്നാണ് അറിയപ്പെടുന്നത്. സമാനമായി അന്തസിനെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം തന്നെയാണ് രാവണനെന്ന് താന്‍ കരുതുന്നതായും രാംദാസ് വ്യക്തമാക്കി.
രാവണന്‍ മാത്രമല്ല ശിവന്‍, പാര്‍വതി, കുബേരന്‍ എന്നിവയും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകളാണ്. രാത്രിയിലും ക്ഷേത്രം അടയ്ക്കാറില്ല. ക്ഷേത്രത്തിലെത്തുന്ന ആളുകളില്‍ 20 ശതമാനം പേര്‍ രാവണനെ ആരാധിക്കാനായി വരുന്നതാണെന്നും രാംദാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates