India

റഷ്യയുടെ വാക്‌സിന്‍ സുരക്ഷിതമോ?, പരിശോധന അനിവാര്യം, പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം: എയിംസ് ഡയറക്ടര്‍

റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. കഴിഞ്ഞദിവസമാണ് ലോകത്ത് ആദ്യമായി റഷ്യയില്‍ വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ ലോകമൊട്ടാകെ കൊഴുക്കുന്നതിനിടെയാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.

'റഷ്യയുടെ വാക്‌സിന്‍ വിജയകരമാണെങ്കിലും ഇത് സുരക്ഷിതമാണോ, ഫലപ്രാപ്തി ഉണ്ടോ എന്നി കാര്യങ്ങള്‍ ഇനിയും പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുളള പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നും നോക്കേണ്ടതുണ്ട്. വാക്‌സിന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുണ്ടോ, സുരക്ഷ നല്‍കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇന്ത്യയ്ക്ക് വലിയ തോതില്‍ വാക്‌സിന്‍ നിര്‍മ്മിയ്ക്കാനുളള ശേഷിയും ഉണ്ട്' - ഗുലേറിയ പറയുന്നു.

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാതെ വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്‌സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കി. ഈ പശ്ചാത്തലത്തിലാണ് എയിംസ് ഡയറക്ടറുടെ പ്രതികരണം.

കോവിഡ് മഹാമാരി ലോകം മുഴുവന്‍ ശമനമില്ലാതെ തുടരുന്നതിനിടെയാണ് റഷ്യ വാക്‌സിന്‍ വികസിപ്പിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്. തന്റെ മകളില്‍ ഇത് പരീക്ഷിച്ചതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കോവിഡ് വാക്‌സിന് റഷ്യ 'സ്പുട്‌നിക് വി' എന്നാണ് പേരിട്ടിരിക്കുന്നത്. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്‌സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ് വാക്‌സിന് സ്പുട്‌നിക് വി എന്നാണ് പേരിട്ടിരിക്കുന്നത്. 

ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലയ്ക്കും കോവിഡനെതിരെയുള്ള ഒരു വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെ ഇത് പരാമര്‍ശിക്കുന്നുവെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെതിരെ ആദ്യ വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെതിരെ രോഗ പ്രതിരോധ ശേഷി പ്രകടമാക്കിയ വാക്‌സിന്റെ രാജ്യ വ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തതായും തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവെയ്പ് എടുത്തതായും പുടിന്‍ വ്യക്തമാക്കിയിരുന്നു. 

വാക്‌സിന്റെ പരീക്ഷണഘട്ടത്തില്‍ കോവിഡിനെതിരെ ഫലപ്രദമെന്ന് തെളിയിച്ചിരുന്നതായി പുടിന്‍ പറഞ്ഞു. കൊറോണ വൈറസിനെതിരെ രോഗപ്രതിരോധ ശേഷി തീര്‍ക്കുന്നതില്‍ വാക്‌സിന്‍ മികച്ച പ്രതികരണമാണ് കാഴ്ചവെച്ചതെന്നും സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് പുടിന്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളിലുളള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്്‌സിന്‍ ഉപയോഗിക്കുന്ന ഘട്ടത്തില്‍ എത്തിയത്. വാക്‌സിന്‍ കുത്തിവെച്ച മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. 

ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അപകടകരമായ പരിധിയില്‍ വരുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്‍കുക. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍  വികസിപ്പിച്ചത്. 

അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്ത് എല്ലാവര്‍ക്കും കുത്തിവെയ്പ് നടത്താനാണ് പദ്ധതി. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്‌സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്‌സിനേഷന്‍ ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാനാണ് പദ്ധതി.

വാക്‌സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT