India

'ലാലുവിന്റെ ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു' ; കാലിത്തീറ്റ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍

ലാലുവിന് വേണ്ടി നിരവധി ഫോണ്‍കോളുകളാണ് ലഭിച്ചത്. ഞാന്‍ നിയമത്തെയാണ് പിന്തുടരുന്നതെന്ന് ജഡ്ജി ശിവപാല്‍ സിംഗ്

Author : സമകാലിക മലയാളം ഡെസ്ക്


റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനുവേണ്ടി പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് റാഞ്ചി സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവപാല്‍ സിംഗ്. ലാലുവിന് വേണ്ടി നിരവധി ഫോണ്‍കോളുകളാണ് ലഭിച്ചത്. എന്നാല്‍ വിഷമിക്കേണ്ട. ഞാന്‍ നിയമത്തെയാണ് പിന്തുടരുന്നതെന്ന് ജഡ്ജി ശിവപാല്‍ സിംഗ് പറഞ്ഞു. അതേസമയം ഫോണ്‍കോളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരിക്കാന്‍ ജഡ്ജി തയ്യാറായില്ല. 

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ വിധി പറയാനായി കോടതി ചേര്‍ന്നപ്പോഴാണ് ജഡ്ജി ഇക്കാര്യം വെളിപ്പെടുത്തിയത്. കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍നിന്ന് കേസുമായി ബന്ധമില്ലാത്തവരെ ജഡ്ജി പുറത്താക്കിയിരുന്നു. കേസില്‍ ലാലുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തന്റെ പ്രായം എഴുപതു കഴിഞ്ഞെന്നും ശാരീരിക അവസ്ഥ പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ലാലു പ്രസാദ് യാദവ് അപേക്ഷിച്ചു. 

തുടര്‍ന്ന് വിധി പ്രസ്താവിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കേസില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ശിക്ഷാ പ്രഖ്യാപനം മാറ്റിവെക്കുന്നത്. കേസില്‍ ലാലു ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്ര അടക്കം ആറുപേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ലാലുവിനെ കോടതിയില്‍ ഹാജരാക്കുന്നത് മുന്‍നിര്‍ത്തി റാഞ്ചിയില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിരുന്നു. 

1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. ലാലു അടക്കം പതിനാറ് പേര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി റാഞ്ചി സിബിഐ കോടതി  കണ്ടെത്തിയിരുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചുകേസുകളില്‍ ലാലു പ്രതിയാണ്. ആദ്യകേസില്‍ അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചു. 2013ലായിരുന്നു വിധി. രണ്ടരമാസം ജയിലില്‍ കിടന്ന ലാലുപ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. മറ്റു കേസുകളില്‍ ലാലുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒന്‍പത് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT