India

ലോക്ക്ഡൗൺ പിൻവലിക്കുമോ, തുടരുമോ ?; സ്ഥിതി വിലയിരുത്താന്‍ ഇന്ന് മന്ത്രിതല സമിതി യോ​ഗം

ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി :  രാജ്യത്തെ കോവിഡ് രോ​ഗബാധയുടെ  വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച സ്ഥിതി​ഗതികൾ വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് യോ​ഗം വിശദമായി ചര്‍ച്ച ചെയ്യും.  ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. കൂടാതെ ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ധരുമായും മന്ത്രിതല സമിതി വിഷയം ചർച്ച ചെയ്യും. 

ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി കേരളസർക്കാർ രൂപീകരിച്ച ടാസ്ക് ഫോഴ്സ് ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒറ്റയടിക്ക് നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്നാണ് സമിതിയുടെ നിർദേശം. നിയന്ത്രണങ്ങൾ പിൻവലിക്കുകയാണെങ്കിൽ ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ. സിനിമ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങി ജനക്കൂട്ടം കൂടുന്ന പ്രദേശങ്ങളിലെ നിയന്ത്രണം തുടരണമെന്നും സമിതി നിർദേശിച്ചതായാണ് സൂചന. 

പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗൺ 21 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം കൈവരിച്ച നേട്ടം നിലനിര്‍ത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക്ഡൗണ്‍ തുടരേണ്ടതാണ്. ലോക്ക്ഡൗണ്‍ മാറ്റുമ്പോള്‍ വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന സാഹചര്യം  ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹ വ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക്  കേരളത്തെ തള്ളിവിടാമെന്നാണ് ഐഎംഎയുടെ നിലപാട്. 

അതേസമയം രാജ്യത്ത് കോവിഡ്  മരണം 111 ആയി. 4281 പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. 704 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കായി. രോഗബാധിതരില്‍ 30% തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ദില്ലി ക്യാന്‍സര്‍ സെന്ററിലെ 2 ഡോക്ടര്‍മാര്‍ക്കം 16 നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്. മുംബൈ നലാസപോരയിലെ ഗര്‍ഭിണിയായ യുവതിയാണ് തിങ്കളാഴ്ച മരിച്ചത്. 

മഹാരാഷ്ട്രയില്‍ പുതുതായി 120 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിവരമനുസരിച്ച് 748 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്  സ്ഥിരീകരിച്ചത്. ഇതില്‍ 45 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ താക്കറെ കുടുംബ വീടിന് അടുത്തുള്ള ചായ വില്‍പനക്കാരനും കോവിഡ്  സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോവിഡ് കേസുകളും വര്‍ധിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

SCROLL FOR NEXT