ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിൽ എത്ര വനിതാ എംപിമാർ ഉണ്ടായിരിക്കും എന്ന വിധി കൂടിയാണ് ഏതാനും മണിക്കൂറുകൾക്കകം തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം അറിയാൻ കഴിയുക. ആകെ 7,928 സ്ഥാനാർത്ഥികളാണ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. ഇതിൽ തന്നെ 54 സ്ഥാനാർത്ഥികളെ നിർത്തി കോൺഗ്രസ് വനിതാ പ്രാതിനിധ്യം കാണിച്ചപ്പോൾ 53 സ്ഥാനാർത്ഥികളെയാണ് ബിജെപി നിർത്തിയത്.
ബിഎസ്പി 24 വനിതകളെയും തൃണമൂൽ കോൺഗ്രസ് സിനിമാ താരങ്ങളടക്കം 23 വനിതകളെയുമാണ് നിർത്തിയത്. സിപിഐയും സിപിഎമ്മും നാലും പത്തും വീതം വനിതകളെ മത്സരിപ്പിച്ചു. ശരദ്പവാറിന്റെ എൻസിപി പക്ഷേ ഒറ്റ വനിതാ സ്ഥാനാർത്ഥിയെ മാത്രമാണ് നിർത്തിയിരുന്നത്.
മത്സരിച്ച വനിതാ സ്ഥാനാർത്ഥികളിൽ100 പേർ ക്രിമിനൽ കേസ് പ്രതികളാണ്. ഇതിന് പുറമേ 78 പേർ പലതരത്തിലുള്ള കേസുകളും നേരിടുന്നവരാണ്. രണ്ട് പേർ കൊലപാതകക്കേസുകളിലും നാലുപേർ കൊലപാതകത്തോട് അനുബന്ധിച്ചുള്ള കേസുകളിലും കുറ്റാരോപിതരാണ്. 16 പേർക്കെതിരെ കൊലപാതക ശ്രമത്തിന് കേസുകൾ നിലവിലുണ്ട്. ഇതിനെല്ലാം പുറമേ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസുകളുള്ള വനിതാ സ്ഥാനാർത്ഥികളും നാളെ ജനവിധി കാത്തിരിക്കുന്നുണ്ട്.
ക്രിമിനൽ കേസുകൾ നിലവിലുള്ള 100 വനിതാ സ്ഥാനാർത്ഥികളിൽ 13 പേർ ബിജെപിയിലും 10 പേർ കോൺഗ്രസിലും ഉള്ളവരാണ്. 716 വനിതാ സ്ഥാനാർത്ഥികളിൽ 255 പേരും കോടിപതികളാണ് എന്നുള്ളതാണ് മറ്റൊരു സവിശേഷത. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 219 കോടീശ്വരികളായിരുന്നു മത്സരരംഗത്തുള്ളത്. കോടീശ്വരിമാരായ സ്ഥാനാർത്ഥികളുടെ കാര്യത്തിലും ബിജെപിയാണ് മുന്നിൽ. ശരാശി 22.09 കോടിരൂപയാണ് സ്ഥാനാർത്ഥികളുടെ ശരാശരി വരുമാനം. കോൺഗ്രസിലെ വനിതാ സ്ഥാനാർത്ഥികളുടേത് ശരാശരി 18.84 കോടി രൂപ വീതമാണ്.
250 കോടി രൂപ ആസ്തിയുള്ള ബോളിവുഡിന്റെ സ്വപ്ന സുന്ദരി ഹേമമാലിനി ആണ് സ്ഥാനാർത്ഥികളിലെ സമ്പന്ന.ടിഡിപിക്കാരി സത്യ പ്രഭയാണ് (220 കോടി രൂപ) രണ്ടാമത്. ശിരോമണി അകാലിദൾ സ്ഥാനാർത്ഥി ഹർസിമ്രത് കൗർ ബാദലാണ് (217 കോടി രൂപ) മൂന്നാമത്.
സ്വന്തമായി ഒരു രൂപ പോലും ആസ്തിയില്ലാത്ത ആറ് വനിതാ സ്ഥാനാർത്ഥികളും ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. നിരക്ഷരരായ 26 പേർ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ തയ്യാറാവാത്ത രണ്ട് സ്ഥാനാർത്ഥികളും ജനവിധി തേടി.
25 നും 50 നും ഇടയിൽ പ്രായമുള്ള 531 വനിതാ സ്ഥാനാർത്ഥികളാണ് മത്സരംഗത്തുണ്ടായിരുന്നത്. 50 വയസിന് മേൽ പ്രായമുള്ള 180 സ്ഥാനാർത്ഥികളും ജനവിധി തേടി. 25 വയസിൽ താഴെയുള്ള ഒരു സ്ഥാനാർത്ഥിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates