ലക്‌നൗ : ബീഹാറിലെ മുസാഫര്‍പൂരിന് പിന്നാലെ, പെണ്‍കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമുകളുടെ മറവില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ മറ്റൊരു കഥ കൂടി പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍ നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിന്ധവാഷിണി വിമന്‍ ആന്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹൗസുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തലുകള്‍. ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ട പത്തുവയസ്സുകാരിയാണ് അവിടെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.
വൈകീട്ട് നാലു മണിയോടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് നിരവധി കാറുകള്‍ വരും. 'മാഡം' പെണ്‍കുട്ടികളെ ഇവരുടെ കൂടെ അയക്കും. പുലര്‍ച്ചെയോടെയാണ് ഇവരെ തിരികെ എത്തിക്കുന്നത്. എതിര്‍ക്കുന്നവര്‍ക്ക് ക്രൂരപീഡനമാണ് ശിക്ഷ. ലൈംഗിക ചൂഷണത്തിന് പുറമെ, ഷെല്‍ട്ടര്‍ ഹോമില്‍ അടിമപ്പണിയും ചെയ്യണമെന്നും പെണ്‍കുട്ടി പറഞ്ഞു.
ഷെല്‍ട്ടര്‍ ഹോമിലുള്ള കുട്ടികള്‍ ബഹുഭൂരിപക്ഷവും 15 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരെയാണ് അനാശാസ്യത്തിന് ഉഫയോഗിക്കുന്നത്. കുട്ടികളെ ഷെല്‍ട്ടര്‍ ഹോം മാനേജറും ഭര്‍ത്താവും അടിമകളെപ്പോലെയാണ് കാണുന്നത്. കൂടാതെ, കുട്ടികളെ ദത്തു നല്‍കുന്നത് അടക്കമുള്ള നിയമവിരുദ്ധ പ്രവൃത്തികളും ഇവിടെ നടക്കുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി.
ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ട് പുറത്തുചാടിയ പെണ്‍കുട്ടിയെ നാട്ടുകാരാണ് പൊലീസിനു മുന്നിലെത്തിച്ചത്. തുടര്‍ന്ന് പൊലീസിനോടാണ് സ്ഥാപനത്തില്‍ നടക്കുന്ന ക്രൂരതകള്‍ കുട്ടി വിവരിച്ചത്. 42 കുട്ടികള്‍ ഷെല്‍ട്ടര്‍ ഹോമില്‍ ഉണ്ടെന്ന് കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയും, 24 കുട്ടികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ 18 കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്ത പൊലീസ്, ഷെല്‍ട്ടര്‍ ഹോം മാനേജര്‍ ഗിരിജ ത്രിപാഠി, ഭര്‍ത്താവ് മോഹന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്ത്, കുട്ടികളെ ലൈംഗിക തൊഴിലിന് ഉപയോഗിക്കല്‍, ബാലവേല തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി ദിയോറ എസ്പി റോഹന്‍ പി കനായ് പറഞ്ഞു. ഷെല്‍ട്ടര്‍ ഹോമിന് നേരത്തെ സര്‍ക്കാര്‍ ധനസഹായം കിട്ടിയിരുന്നു. എന്നാല്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ല്‍ സഹായം നിര്‍ത്തലാക്കുകയായിരുന്നു.
സ്ഥാപനത്തിനെതിരെ മുമ്പും പല പരാതികളും ഉയര്‍ന്നിരുന്നെങ്കിലും, ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തനം സുഗമമായി നടന്നിരുന്നു. വിവരം അറിഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി റിത ബഹുഗുണ ജോഷിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിശദീകരണം തേടി. ദിയോറ ജില്ലാ കളക്ടര്‍ സുജിത് കുമാറിനെ നീക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates