ന്യൂഡല്‍ഹി: വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്, തെരഞ്ഞെടുപ്പു കമ്മിഷന് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരും. ആധാര്‍ നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലുമാണ് ഭേദഗതി വരുത്തുക. ഇന്നലെ തെരഞ്ഞെടുപ്പു പരിഷ്‌കരണത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കമ്മിഷനെ അറിയിച്ചു.
വോട്ടര്‍ തിരിച്ചറിയല്‍ രേഖയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് തെരഞ്ഞെടുപ്പു കമ്മിഷന്‍ ആണ്. ഒരാള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നതും വോട്ടു ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഇതിലൂടെ ഒഴിവാക്കാനാവുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. വോട്ടിങ് ദിവസം മണ്ഡലത്തില്‍ ഇല്ലാത്ത ആള്‍ക്ക് രാജ്യത്ത് എവിടെയായിരുന്നാലും വോട്ടു ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാനും ഇതിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്.
വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണം. ആധാര്‍ ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷന് അധികാരം നല്‍കാന്‍ ആധാര്‍ നിയമത്തിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിനായുള്ള കരടാണ് നിയമ മന്ത്രാലയം തയാറാക്കുന്നത്. ഇവ ഉടന്‍ തന്നെ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ വോട്ടര്‍മാര്‍ പേരു ചേര്‍ക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ കൂടി ആരായാന്‍ തെരഞ്ഞെടുപ്പു കമ്മിഷനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. നിലവിലുള്ള വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ടാവും.
വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് 2015ല്‍ കമ്മിഷന്‍ തുടക്കമിട്ട പദ്ധതിയില്‍ വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 30 കോടി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ കമ്മിഷന്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യ പൊതുവിതരണം, പാചക വാതകം തുടങ്ങിയ ഏതാനും സര്‍വീസുകള്‍ക്കല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയോടെ കമ്മിഷന്‍ ഈ പദ്ധതി നിര്‍ത്തിവയ്ക്കുകയായിരുന്നു.
നിയമഭേദഗതിയില്ലാതെ ഇതു മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്ന് വ്യക്തമാക്കി കമ്മിഷന്‍ നിയമമന്ത്രാലയത്തിന് കത്ത് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates