ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷാംഗങ്ങളുടെ 'ഷെയിം'എന്ന വിളികള്‍ക്കിടെയാണ് രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭ ചെയര്‍മാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.രഞ്ജന്‍ ഗൊഗോയ്‌യെ രാജ്യസഭ എംപിയായി നാമനിര്‍ദേശം ചെയ്ത നടപടി സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് എന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ വിമര്‍ശനം.
രഞ്ജന്‍ ഗൊഗോയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ, സമാജ് വാദി പാര്‍ട്ടി ഒഴികെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തി രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രഞ്ജന്‍ ഗൊഗോയ്ക്ക് പിന്തുണയുമായി രംഗത്തുവന്നു. വിവിധ തലങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവര്‍ സഭാംഗം ആകുന്നത് രാജ്യസഭയുടെ പാരമ്പര്യമാണെന്ന് നിയമമന്ത്രി പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസുമാര്‍ വരെ ഇത്തരത്തില്‍ രാജ്യസഭയില്‍ എത്തിയിട്ടുണ്ട്. രഞ്ജന്‍ ഗൊഗോയ് മികച്ച സംഭാവന നല്‍കുമെന്ന്് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളുടെ പെരുമാറ്റം നിര്‍ഭാഗ്യകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യസഭ എംപിയെ നിയമിക്കുന്നതിന് അതിന്റേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. എന്നാല്‍ പ്രതിപക്ഷം ഈ നിലയില്‍ പെരുമാറിയത് ശരിയായില്ലെന്ന് രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. രഞ്ജന്‍ ഗൊഗോയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാന്‍, ഭാര്യ രൂപാഞ്ജലി ഗൊഗോയ്‌യും മകളും മരുമകനും പാര്‍ലമെന്റില്‍ എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates