ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എവിടെയാണ് നിൽക്കുന്നതെന്ന് മോദി ചോദിച്ചു. യുഎൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാകണമെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി വിമർശനമുന്നയിച്ചത്. യുഎന്നിൽ ഇന്ത്യയുടെ സ്ഥിരാംഗത്തിനായും മോദി ശബ്ദമുയർത്തി.
കോവിഡ് പ്രതിരോധത്തിനായി ക്രിയാത്മകമായി എന്ത് ഇടപെടലുകളാണ് യുഎൻ നടത്തിയത്? ഭീകരാക്രമണത്തിൽ രക്തപ്പുഴകൾ ഒഴുകിയപ്പോൾ യുഎൻ എന്താണ് ചെയ്തത്? തുടങ്ങിയ ചോദ്യങ്ങളും മോദി ഉന്നയിച്ചു.
യുഎന്നിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിൽ ഏറെ അഭിമാനകരമാണ്. ഈ ചരിത്ര നിമിഷത്തിൽ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ വിഷമങ്ങൾ പങ്കുവയ്ക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു. യുഎന്നിന്റെ സ്ഥിരാംഗത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റിനിർത്താനാകും? ഞങ്ങൾ ശക്തരായിരുന്നപ്പോൾ ആർക്കും ഭീഷണി ഉയർത്തിയില്ല, ദുർബലരായിരുന്നപ്പോൾ ആർക്കും ഒരു ബാധ്യതയും ആയില്ല. രാജ്യത്തു നടക്കുന്ന കാലാന്തരമായ മാറ്റങ്ങൾ ലോകത്തിന്റെ ഒരു വലിയ വിഭാഗത്തിന്റെ മാറ്റത്തിന് കാരണമായിട്ടും എത്രകാലം അംഗത്വത്തിനായി ആ രാജ്യം കാത്തിരിക്കണം.
സമാധാനം നിലനിർത്താനുള്ള പോരാട്ടത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ധീര ജവാന്മാരെ നഷ്ടപ്പെട്ടിട്ടുള്ള രാജ്യമാണ് ഇന്ത്യ. യുഎന്നിന് ഇന്ത്യ നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ യുഎന്നിലുള്ള ഇന്ത്യയുടെ സാന്നിധ്യം വികസിക്കുന്നത് കാണാനാണ് ഇന്ന് ഒരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്. ഈ മാഹാമാരിക്കാലത്തും 150 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി അവശ്യ മരുന്നുകൾ കയറ്റി അയച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാണ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വാക്സിൻ നിർമാണവും വിതരണ ശേഷിയും ഈ പ്രതിസന്ധിക്കെതിരെ പോരാടുന്ന എല്ലാവർക്കും സഹായകമാകുമെന്ന് ലോകത്തിന് ഉറപ്പു നൽകുന്നെന്നും മോദി പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്ന് ഈ വർഷത്തെ പൊതുസഭാ സമ്മേളനം കൂടുതലായും ഓൺലൈൻ വഴിയാണ് നടത്തപ്പെടുന്നത്. നേരത്തെ റെക്കോർഡ് ചെയ്തു വച്ചിരിക്കുന്ന മോദിയുടെ വിഡിയോ സന്ദേശമാണ് പ്രക്ഷേപണം ചെയ്യുന്നത്. പ്രധാന നേതാക്കളെല്ലാം നേരത്തെ തയാറാക്കിവച്ച പ്രസംഗത്തിലൂടെയാണ് ന്യൂയോർക്കിലെ യുഎൻ പൊതുസഭ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അതിനിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജമ്മു കശ്മീർ ഉൾപ്പെടെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഇമ്രാന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ചു യുഎന്നിലെ ഇന്ത്യൻ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയി പ്രതിഷേധിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates