ചെന്നൈ: ഹിന്ദു ആധ്യാത്മിക സേവന പ്രദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ വന്‍ ജന പങ്കാളിത്തം. പ്രദര്‍ശനത്തിന്റെ 11ാം അധ്യായത്തിന്റെ ആദ്യ ദിനത്തില്‍ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ചെന്നൈയിലെ വേലച്ചേരി ഗുരുനാനാക്ക് കോളജ് മൈതാനത്താണ് പ്രദര്‍ശനം നടക്കുന്നത്.
സ്ത്രീത്വത്തെ ആദരിക്കുക എന്ന ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ ആശയം അടിസ്ഥാനമാക്കി നിരവധി സാംസ്‌കാരിക പരിപാടികളും യാഗങ്ങളും ആദ്യ ദിനത്തില്‍ നടന്നു. പ്രദര്‍ശനത്തിന്റെ ഇത്തവണത്തെ ചിഹ്നം കണ്ണകിയാണ്. പ്രവേശന കവാടത്തില്‍ കണ്ണകിയുടെ കൂറ്റന്‍ ശില്പവും സ്ഥാപിച്ചിട്ടുണ്ട്.
ആദ്യ ദിനത്തില്‍ കര്‍ണാടകയിലെ നാടോടി കലകള്‍, ഗുജറാത്തി സമൂഹത്തിന്റെ പരിപാടികള്‍, ആലാപ് മ്യൂസിക്ക് അക്കാദമി എന്നിവരുടെ കലാ പരിപാടികളാണ് അരങ്ങേറിയത്. അര്യ സമാജം എജുക്കേഷണല്‍ ട്രസ്റ്റിലെ വിദ്യാര്‍ത്ഥികളുടെ ഹോമവും നടന്നു.
കണ്ണകിയുടെ കരുത്തുറ്റ ജീവിത കഥയെക്കുറിച്ചുള്ള അവബോധം പ്രദര്‍ശനത്തിനെത്തുന്ന സ്ത്രീകളില്‍ വളര്‍ത്തിയെടുക്കുകയെന്നതാണ് ലക്ഷ്യം. അതിനാലാണ് ഇത്തരത്തിലൊരു ശില്പം സ്ഥാപിച്ചതെന്ന് മോറല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ആര്‍ രാജലക്ഷ്മി പറഞ്ഞു. കൂടാതെ വേദ കാലത്തേയും ഇന്ത്യന്‍ ചരിത്രത്തിലേയും മഹനീയ സ്ത്രീ സാന്നിധ്യങ്ങളായിരുന്ന അവ്വയ്യാര്‍, ഗാര്‍ഗി, മൈത്രേയി, റാണി പദ്മിനി എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഹിന്ദു ആധ്യാത്മിക സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന 500ഓളം സ്റ്റാളുകളാണ് മറ്റൊരു സവിശേഷത. സ്ത്രീത്വത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ് പുറത്തിറക്കിയ വിവിധയിനം സ്റ്റാമ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളും ശ്രദ്ധേയമായി. കൂടാതെ വിഷരഹിത ജൈവീക ഭക്ഷണത്തിന്റെ പ്രോത്സാഹനം, ദേശ സ്‌നേഹത്തിന്റെ പ്രചാരണം, പരിസ്ഥിതി, വന സംരക്ഷണം, മാതാപിതാക്കളേയും അധ്യാപകരേയും സ്ത്രീകളേയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവയുടെ ബോധവത്കരണവും പ്രദര്‍ശനത്തിന്റെ ഭാഗമായി നടത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates