Kerala

ഓണം നാളുകളിലും ശബരിമലയിലേക്ക് യാത്ര  ഒഴിവാക്കണമെന്ന് ഹൈക്കോടതി

ഓണം പൂജയ്ക്ക് 23 ന് വൈകിട്ട് അഞ്ചിന് അയ്യപ്പ ക്ഷേത്രനട തുറക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഓണം നാളുകളിലും ശബരിമലയിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. പ്രളയത്തെ തുടര്‍ന്ന് പമ്പയിലെ സ്തിതി ഗുരുതരമാണെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ ദേവസ്വം ബെഞ്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ഇത് പരിഗണിച്ച കോടതി ശബരിമലയില്‍ തിരുവോണ പൂജകള്‍ക്ക് ഭക്തര്‍ എത്തുന്നത് വിലക്കി. ഭക്തരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് നടപടി. പമ്പയിലെ സ്ഥിതി ഇപ്പോഴും അതി ഗുരുതരമാണെന്നും, സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഓണം പൂജയ്ക്ക് 23 ന് വൈകിട്ട് അഞ്ചിന് അയ്യപ്പ ക്ഷേത്രനട തുറക്കും. മേല്‍ശാന്തിയും തന്ത്രിയും സന്നിധാനത്തിലുണ്ട്. അതിനാല്‍ പൂജകള്‍ക്കു തടസ്സമുണ്ടാകില്ല. 28 നു രാത്രി 10 നു മാത്രമേ നട അടയ്ക്കൂ. പക്ഷേ ഈ ദിവസങ്ങളില്‍ തീര്‍ഥാടകര്‍ക്കു സന്നിധാനത്തില്‍ എത്താനുള്ള സാഹചര്യം നിലവിലില്ല. 

പമ്പാനദിയിലെ ഒഴുക്കും ജലവിതാനവും പൂര്‍ണമായും കുറഞ്ഞിട്ടില്ല. പമ്പ ഇപ്പോള്‍ ഗതിമാറി ഒഴുകുകയാണ്. പമ്പാ മണല്‍പ്പുറത്ത് കടകള്‍, അന്നദാനമണ്ഡപം, ശുചിമുറികള്‍ എന്നിവ  ഉണ്ടായിരുന്ന ഭാഗത്തു കൂടിയാണ് ഇപ്പോള്‍ നദി ഒഴുകുന്നത്. നേരത്തെ നദി ഉണ്ടായിരുന്ന ഭാഗം മണ്ണടിഞ്ഞു കരയായി. ത്രിവേണിയിലെ രണ്ടു പാലവും തകര്‍ന്നു. നദിയിലും വശത്തും ചെളിനിറഞ്ഞ അവസ്ഥയാണ്. ളാഹയ്ക്കും പമ്പക്കും മധ്യേ പലയിടത്തും റോഡിന്റെ വശം ഇടിഞ്ഞു. പ്ലാന്തോട് ഭാഗത്ത്  റോഡ് പൂര്‍ണമായും തകര്‍ന്നു. 

ശബരിമല സന്നിധാനത്തേക്കുള്ള യാത്ര ദുഷ്‌ക്കരമാണെന്നും ഏതുസമയും അപകടം സംഭവിക്കാവുന്ന റോഡുകളിലൂടെ യാത്ര ചെയ്യാന്‍ അയ്യപ്പഭക്തര്‍ ശ്രമിക്കരുതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ആവശ്യപ്പെട്ടു. തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നു സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഭക്തരെ ശബരിമലയിലേക്കു കടത്തിവിടുകയുള്ളൂവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു

ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Weekly horoscope (June 21- June 27, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam June 22|സന്തോഷകരമായ ഒരു വാർത്ത കേൾക്കും, കാര്യങ്ങൾ അനുകൂലമാകും