Kerala

കേരളത്തിലും ഗോവയിലും കൊറോണ വൈറസിന്റെ രണ്ടാം തരംഗം ? ; ആശങ്ക

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി  സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളം ഉള്‍പ്പെടെ കോവിഡ് നിയന്ത്രണ വിധേയമായ സംസ്ഥാനങ്ങളില്‍ വീണ്ടും രോഗബാധ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നതായാണ് ആശങ്കയുയരുന്നത്. കേരളത്തിനു പുറമേ ഹിമാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച വരെ വളരെ കുറവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഗോവ കോവിഡ് മുക്തമാകുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി ഈ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. കേരളം പൂര്‍ണമായി കോവിഡ് മുക്തമായിരുന്നില്ലെങ്കിലും മിക്ക ദിവസങ്ങളിലും രോഗികളുടെ എണ്ണം ഒറ്റയക്കത്തില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച മാത്രം 26 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 30 നു ശേഷം ആദ്യമായാണ് ഇത്രയേറെ കേസുകള്‍ ഒറ്റദിവസം ഉണ്ടാകുന്നത്. വെള്ളിയാഴ്ച 16 പേര്‍ക്കും, ശനിയാഴ്ച 11 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

പല സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ സ്വന്തം വീടുകളിലേക്കു മടങ്ങുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയാണു കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു മാസത്തോളമായി ഗോവയില്‍ ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മാര്‍ച്ച് അവസാനവാരം കോവിഡ് ബാധിച്ച ഏഴു പേരും രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ എട്ടു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെല്ലാം മറ്റിടങ്ങളില്‍നിന്ന് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയവരാണ്.

സമാനമായ രീതിയില്‍, ഹിമാചല്‍ പ്രദേശില്‍ ആകെയുണ്ടായിരുന്ന 41 രോഗികള്‍ ഈ മാസം ആദ്യം രോഗമുക്തി നേടിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ 34 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണത്തില്‍ ചൈനയെ ഇന്ത്യ മറികടന്നിരുന്നു. ചൈന 80,000 കടക്കുന്നതുവരെ രോഗികളുടെ എണ്ണം കുറവായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ ദിനംപ്രതി രണ്ടായിരത്തിലേറെ ആളുകള്‍ക്കാണു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ; 21 മുതല്‍ ജിയോ ഓഹരിക്ക് അപേക്ഷിക്കാം; പ്രൈസ് ബാന്‍ഡ് 1065-1119 രൂപ

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു