മലപ്പുറം : കള്ളനോട്ട് നൽകി കബളിപ്പിച്ച് കാളയെ വാങ്ങിയ സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. പത്തപ്പിരിയം തുവ്വക്കാട് ബേക്കല കണ്ടിയിലെ കൊളത്തിങ്ങൽ ശരീഫ് (38), തുവ്വക്കാട് മൊട്ടക്കുന്നിലെ ശറഫുദ്ദീൻ (23) എന്നിവരാണ് പിടിയിലായത്. ആമയൂർ സ്വദേശി കടവൻ സെയ്തലവിയെയാണ് ഇവർ കബളിപ്പിച്ചത്. ഇവർക്ക് കള്ളനോട്ട് നൽകിയ പൂവ്വത്തിക്കൽ സ്വദേശി അനിൽ ലാലിനായി പൊലീസ് അന്വേഷണം തുടങ്ങി.
സെപ്റ്റംബർ 25നാണ് സെയ്തലവിയുടെ കാളയെ 27,500 രൂപക്ക് കച്ചവടമുറപ്പിച്ചത്. അന്ന് ഇരുവരും 500 രൂപ അഡ്വാൻസ് നൽകി. രണ്ടുദിവസത്തിനുശേഷം 26,000 രൂപ മൂല്യം വരുന്ന 200ന്റെ 13 കള്ളനോട്ടുകളും 500 രൂപയുടെ രണ്ട് യഥാർത്ഥ നോട്ടുകളും നൽകി കാളയെ കൊണ്ടുപോയി. കഴിഞ്ഞദിവസം സെയ്തലവി ലഭിച്ച പണത്തിൽ നിന്ന് 2000 രൂപയെടുത്ത് സൊസൈറ്റിയിൽനിന്ന് കാലിതീറ്റ വാങ്ങിയപ്പോൾ സംശയം തോന്നിയ സെക്രട്ടറി ബാങ്ക് അധികൃതരെ സമീപിച്ചതോടെയാണ് കള്ളനോട്ട് നൽകി കബളിപ്പിച്ച വിവരം അറിയുന്നത്.
തുടർന്ന് പ്രശ്നത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ടു. സംഭവം ഒതുക്കിതീർക്കാൻ ഇരട്ടി പൈസ നൽകാമെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. ഒത്തുതീർപ്പിനെന്ന വ്യാജേന കള്ളനോട്ട് നൽകിയവരെ വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ ശരീഫ് 15 വർഷം വിദേശത്തായിരുന്നു. ഇവർക്ക് സ്വർണമിടപാടിലൂടെയാണ് പൂവ്വത്തിക്കൽ സ്വദേശിയായ അനിൽ ലാൽ കള്ളനോട്ട് നൽകിയതെന്ന് പറയുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates