

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വസ്യത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി 42 മുന്‍ ജഡ്ജിമാര്‍ രംഗത്ത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുമെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മുന്‍ ജഡ്ജിമാര്‍ തുറന്ന കത്തെഴുതിയത്. തെളിവില്ലാതെ വോട്ട് കവര്‍ച്ച ആരോപണം ഉന്നയിക്കുന്നത് ജനാധിപത്യത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാലറ്റിന് മൂല്യം നഷ്ടപ്പെടുമ്പോള്‍ തെരുവുകള്‍ പ്രക്ഷുബ്ധമാകും. വ്യാജ പ്രചാരണങ്ങളിലൂടെയാണ് ക്രമസമാധാന തകര്‍ച്ച ആരംഭിക്കുന്നതെന്ന് ജഡ്ജിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
തങ്ങള്‍ അഭിമാനത്തോടെ കാണുന്ന നീതിന്യായ വ്യവസ്ഥയും ഭരണഘടനാ സ്ഥാപനങ്ങളും നിരന്തരം ആക്രമിക്കപ്പെടുകയാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ, ഭരണഘടനാ സ്ഥാപനങ്ങളെ 'കള്ളന്മാര്‍' എന്ന് നിരന്തരം വിശേഷിപ്പിക്കുന്നത് രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആസൂത്രിത നീക്കമാണെന്നും ജഡ്ജിമാര്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സിജെപിയുടെയും പേരെടുത്ത് പറയാതെ കത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്:
കോടതികള്‍ക്ക് മുന്നില്‍ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാകാതെ പത്രസമ്മേളനങ്ങളില്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷത്തിന്റേത്. ഇതേ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴി വിജയിക്കുമ്പോള്‍ ആരും ചോദ്യം ചെയ്യാറില്ല. അഞ്ച് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച ഒരു പാര്‍ട്ടി, തങ്ങളെ അധികാരത്തിലേറ്റിയ വ്യവസ്ഥിതി തന്നെ അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിക്കുന്നത് വിരോധാഭാസമാണ്. ചില സന്നദ്ധ സംഘടനകള്‍ നിരന്തരം ഹര്‍ജി നല്‍കി ഈ ആരോപണങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അനുകൂല വിധിയുണ്ടാകാത്ത പക്ഷം നീതിന്യായ വ്യവസ്ഥയെ തള്ളിപ്പറയുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് കത്തില്‍ പറയുന്നു.
മുന്‍ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തല്‍, വിവിധ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാര്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അവയെ പൂര്‍ണമായി തരംതാഴ്ത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കത്ത് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates