VD Satheesan Budget Presentation|Kerala Budget 2026 
Kerala

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ തെറ്റായ കണക്കുകളുണ്ടായിരുന്നുവെന്ന ആക്ഷേപത്തോടെയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ തന്റെ കന്നി ബജറ്റ് പ്രസംഗം തുടങ്ങിയത്. പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന് മേലുള്ള ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന ആമുഖത്തില്‍ തന്നെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെന്ന സൂചനയുണ്ടായിരുന്നു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ചത്. നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികളാണ് ബജറ്റില്‍ പ്രധാനമായും ലക്ഷ്യമിട്ടത്. യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍, തൊഴിലവസരം സൃഷ്ടിക്കാനുള്ള അന്തരീക്ഷം ഒരുക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായി. വിവിധ മേഖലകളില്‍ വന്‍കിട നിക്ഷേപം ആകര്‍ഷിച്ച്, ഖജനാവില്‍ പണം സമാഹരിക്കാനുള്ള സ്വപ്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചതിലേറെയും. ബജറ്റിലെ പ്രധാനപ്പെട്ട 10 പ്രഖ്യാപനങ്ങളാണ് ചുവടെ പറയുന്നത്.

1. മിഷന്‍ സമുദ്ര

കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് 'മിഷന്‍ സമുദ്ര'. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് നമ്മള്‍ മാറ്റും. ഇതേത്തുടര്‍ന്നുള്ള തൊഴിലവസരങ്ങളില്‍ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും. സമുദ്രയാത്രാ ചരിത്രം, കപ്പല്‍ നിര്‍മ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടല്‍മേഖലാ ജീവിത സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും. പദ്ധതിക്കായി 400 കോടി രൂപയാണ് വകയിരുത്തിയത്.

2. ഇന്‍വെസ്റ്റ് കേരളം സെല്‍

ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ലാന്‍ഡ് മാനേജ്മെന്റ് നയം സര്‍ക്കാര്‍ രൂപീകരിക്കും. മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും. നിക്ഷേപകര്‍ക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികള്‍ (റെഗുലേറ്ററി & സ്റ്റാറ്റിയൂട്ടറി) നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഒരു ഏകജാലക സംവിധാനമായി ഇന്‍വെസ്റ്റ് കേരളം സെല്‍ രൂപീകരിക്കും.

3. ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ വകയിരുത്തി.

4. സില്‍വര്‍ ഇക്കോണമി

വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന 'സില്‍വര്‍ ഇക്കോണമി' വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും.

5. പുതിയ മെഡിക്കല്‍ കോളജുകള്‍

തിരുവനന്തപുരത്ത് നേരത്തെ പ്രഖ്യാപിച്ച രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കുമെന്നും ഹരിപ്പാട് ഒരു പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാര്‍, ഉപകരണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനെല്ലാമായി 100 കോടി രൂപ വകയിരുത്തി. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാന്‍ 'Reach Kerala' എന്ന പദ്ധതി ആവിഷ്‌കരിക്കും.

6. എംഎസ്എംഇ ഗ്രോത്ത് സ്‌കീം

പതിനായിരത്തോളം എംഎസ്എംഇ സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീമിന് രൂപം നല്‍കും. ഇവര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ നല്‍കുന്നതിനായി ടെക്നോ-മെന്റര്‍ / മാനേജ്-മെന്റര്‍ മാരുടെ സഹായം ഉറപ്പാക്കും.

7. വണ്‍ കേരള കരുതല്‍ മിഷന്‍

ഗുരുതര രോഗം ബാധിച്ചവര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിന് പണമില്ലാത്തവര്‍ക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി 'വണ്‍ കേരള കരുതല്‍ മിഷന്‍' സ്ഥാപിക്കും.

8. ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍

മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ ''ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍'' ആരംഭിക്കും. ബഹിരാകാശ മേഖലയിയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ സാറ്റലൈറ്റ് ടെക്നോളജിക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിര്‍മ്മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.

9. കേരള നോളജ് വാലി

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും 'കേരള നോളജ് വാലി' സ്ഥാപിക്കും. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവയ്ക്കു വേണ്ടി വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ആരംഭിക്കും. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതാണ്.

10. ലൈറ്റ് മെട്രോ പദ്ധതികള്‍

വിവിധ സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്യുകയും എന്നാല്‍ ഇതുവരെ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നതുമായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും. തിരുവന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ സാധ്യതാപഠനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

10 Major Announcements in Kerala Budget 2026, Presented CM VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ച് രൂപ നഷ്ടത്തിന് അമ്പത് പൈസ പരിഹാരം; വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം കടുത്ത നിരാശയെന്ന് സ്വകാര്യ ബസ് ഉടമകൾ

'സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും'; ബജറ്റിനെ സ്വാഗതം ചെയ്ത് മോഹന്‍ലാല്‍

വാഹനങ്ങളില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത്! സൗദിയില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയിച്ചില്ലെങ്കിൽ പണി പാളും; കാനറികൾക്ക് നിർണായകം, നെയ്മർ രണ്ടാം പോരും കളിക്കില്ല

വൃക്കയിലെ അർബുദം: വിവിധ ഘട്ടങ്ങളും ചികിത്സാ സാധ്യതകളും തിരിച്ചറിയാം