തിരുവനന്തപുരം: ക്ഷേമ വികസന പ്രോജക്ടുകള്‍ക്കായി 100 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലൈഫ് മിഷന് 1436 കോടിയും, കുടുംബശ്രീക്ക് 260 കോടിയും നീക്കിവെച്ചു. ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാൻ 10 കോടി രൂപയും വകയിരുത്തുന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി. കൃഷിക്കായി 971 കോടിയും നെൽകൃഷി വികസനത്തിനായി 95 കോടിയും വകയിരുത്തുന്നു. കാര്‍ഷിക കര്‍മസേനയ്ക്ക് 8 കോടിയും വിള ഇന്‍ഷുറന്‍സിന് 30 കോടിയും വകയിരുത്തുന്നു. അതിദാരിദ്ര്യം ഇല്ലാതാക്കാൻ 80 കോടി. ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 20 കോടിയും നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു.
നേത്രാരോഗ്യത്തിനായി ബജറ്റിൽ അമ്പതു കോടിയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. നേർക്കാഴ്ച എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവർക്കും നേത്രാരോഗ്യം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കും. കാഴ്ച വൈകല്യങ്ങൾ കണ്ടെത്തപ്പെടുന്നവരിൽ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
നാലുവർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കുക. ഇതിലൂടെ കാഴ്ച വൈകല്യങ്ങൾ ഉള്ള എല്ലാ വ്യക്തികൾക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ വളന്റിയർമാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിൻ ആകും നടപ്പാക്കുക.
നഗരങ്ങളുടെ സൗന്ദര്യവല്‍കരണത്തിന് പ്രാഥമിക ചെലവായി 300 കോടിയും, അനെർട്ടിനായി 49 കോടിയും വകയിരുത്തി. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ അടക്കമുള്ള ചിലവുകള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3376.88 കോടി രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 1325.77 കോടി രൂപയാണ് ഇതിന് അനുവദിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates