കാസർകോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം. കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദറിനെതിരെയാണ് (34) ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, ഭവനഭേദനം, മോഷണം എന്നി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.കേസിലെ മൂന്നാം പ്രതിയായ മാന്യയിലെ കെ അബ്ദുൽ ഹർഷാദിനെ വിട്ടയച്ചു. ഹർഷാദിനെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
രണ്ടാം പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുൽ അസീസ് (34) പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. വിചാരണക്ക് ഹാജരാകാത്ത ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതിയായ പട്ള കുതിരപ്പാടിയിലെ അബ്ദുൽ അസീസ് എന്ന ബാവ അസീസിനെ മാപ്പു സാക്ഷിയാക്കിയിരുന്നു.
2018 ജനുവരി 17നാണ് ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ കൊല ചെയ്യപ്പെട്ടത്. സ്ഥലം വാങ്ങാനെന്ന പേരിൽ സുബൈദയുടെ വീട്ടിലെത്തിയ പ്രതികൾ കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ സുബൈദയെ പ്രതികൾ കീടനാശിനി കലർത്തിയ കറുത്ത തുണി കൊണ്ട് മുഖത്ത് അമർത്തി ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 27 ഗ്രാം വരുന്ന വളകളും മാലയും കമ്മലും കവർന്നിരുന്നു.
ഒന്നാം പ്രതി അബ്ദുൽ ഖാദർ സുബൈദയുടെ വീടിന് സമീപത്തുള്ള വീട്ടിൽ കുറച്ചുകാലം താമസിച്ചിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. മൂന്ന് പ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തപ്പോൾ ഹർഷാദ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. സുബൈദയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച ആഭരണങ്ങൾ കാസർകോട്ടെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തിരുന്നു. പ്രതികൾ കൃത്യം നടത്താനായി കാസർകോട്ടുനിന്നും വാടകക്കെടുത്ത രണ്ടു കാറുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates