തിരുവനന്തപുരം : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത രണ്ടു വിദ്യാര്‍ഥികളുടെ പേരില്‍ യുഎപിഎ ചുമത്താനിടയായ സാഹചര്യം വിശദീകരിച്ച് പൊലീസ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്താതെ നിര്‍വാഹമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി. അറസ്റ്റിനെക്കുറിച്ച് ഉത്തരമേഖലാ ഐ.ജി. അശോക് യാദവിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഫോട്ടോകളും വീഡിയോകളും തെളിവായി ഡിജിപിക്ക് കൈമാറിയത്.
സിപിഎം ബ്രാഞ്ച് അംഗങ്ങളായ മൂര്‍ക്കനാട് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപുരിയില്‍ അലന്‍ ഷുഹൈബ് (20) എന്നിവരെ വെള്ളിയാഴ്ച വൈകീട്ടാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിലായ അലനെക്കുറിച്ച് നാലുവര്‍ഷംമുമ്പ് കോഴിക്കോട് സിറ്റി പൊലീസ് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടും ഇതിലുണ്ട്.
നിരോധിക്കപ്പെട്ട സംഘടനയുടെ ലഘുലേഖകളും ബാനറുകളും ലഭിച്ചതിനാലാണ് യുഎപിഎ പ്രകാരം കേസെടുത്തത്. ഇതല്ലാതെ പൊലീസിന് മറ്റു നിര്‍വാഹമില്ലായിരുന്നു. കേസെടുക്കാതെ ഒഴിവാക്കിയാല്‍ ഇതിനും പഴി കേള്‍ക്കേണ്ടിവരും. നിയമപ്രകാരമുള്ള കാര്യങ്ങളേ അന്വേഷണസംഘം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2015 മുതല്‍ അലനെ നിരീക്ഷിച്ചുവരികയാണെന്നും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണസംഘവും നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 'പാഠാന്തരം' എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകനാണ് അലനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനൊപ്പം അലന്റെ ചെറുപ്രായത്തിലുള്ള ഫോട്ടോയുമുണ്ട്. മാവോയിസ്റ്റ് സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമായ 'പാഠാന്തരം' രൂപവത്കരിക്കാന്‍ ശ്രമം നടത്തിയിരുന്നെന്നാണ് പറയുന്നത്.
ഡിജിറ്റല്‍ തെളിവായി ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് എന്നിവ തൊണ്ടിസാധനങ്ങളായി എടുത്തിട്ടുണ്ട്. ഫോണ്‍വിളികളുള്‍പ്പെടെ കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ കൂടി ലഭിക്കണം.
മൂന്നാമതൊരാള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകളുണ്ട്. കസ്റ്റഡിയിലെടുത്ത ബൈക്കില്‍ മൂന്നുപേരാണ് എത്തിയതെന്ന് ദൃക്‌സാക്ഷിമൊഴിയുണ്ട്. കച്ചവടക്കാരനായ ഇയാളുടെ കടയില്‍നിന്നാണ് ഇവര്‍ സിഗരറ്റ് വാങ്ങിയത്. മൂന്നുപേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് പൊലീസിന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പിടിയിലായ രണ്ടുപേരും തയ്യാറായിട്ടില്ലെന്നും റിപ്പോര്‍്ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാമന്‍ ഒരു പാര്‍ട്ടിയുമായും ബന്ധമുള്ള ആളല്ലെന്നും വേണ്ടപ്പെട്ട ആളാണെന്നും അയാളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇരുവരും പറഞ്ഞത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യംചെയ്യാനായി കോടതിയുടെ അനുമതിതേടുമെന്നും വിശദീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിനിടെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും. ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates