Global Ayyappa Sangam tomorrow സ്ക്രീൻഷോട്ട്
Kerala

38,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ജര്‍മന്‍ പന്തല്‍, 3500 പേര്‍ക്ക് പ്രവേശനം; ആഗോള അയ്യപ്പസംഗമം നാളെ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ശനിയാഴ്ച

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ശനിയാഴ്ച. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 9.30ന് ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാന മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, കെ ബി ഗണേഷ്‌കുമാര്‍, എ കെ ശശീന്ദ്രന്‍, വീണാ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ ആറിന് പമ്പയില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3000 പേര്‍ക്കാണ് പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അയ്യായിരത്തിലധികം പേര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തു. ഈ സാഹചര്യത്തില്‍ 500 പേര്‍ക്കുകൂടി പ്രവേശനമൊരുക്കും.

ഉദ്ഘാടന സമ്മേളനശേഷമാണ് സമീപനരേഖ അവതരണം. തുര്‍ന്ന് മൂന്നു വേദികളിലായി സമാന്തര സെഷന്‍ നടക്കും. ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും ഓരോ സെഷനും. ആദ്യ സെഷന്‍ ശബരിമല മാസ്റ്റര്‍പ്ലാനിനെക്കുറിച്ചാണ്. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീര്‍ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീര്‍ഘകാല പദ്ധതികളെക്കുറിച്ചും ഈ സെഷനില്‍ ചര്‍ച്ച ചെയ്യും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ഈ സെഷന്റെ ലക്ഷ്യം.

രണ്ടാമത്തെ സെഷന്‍ 'ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍' എന്ന വിഷയത്തിലാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാമെന്നാണ് ഇതില്‍ ചര്‍ച്ച. ടൂറിസം- വ്യവസായ മേഖലയിലെ പ്രമുഖര്‍, തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനും പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കാനും ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് സാമൂഹിക- സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നതിനുമുള്ള വഴികള്‍ അവതരിപ്പിക്കും.

മൂന്നാമെത്ത സെഷന്‍ 'തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയെത്തക്കുറിച്ചാണ്. എല്ലാവര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നതാകും ഈ സെഷനില്‍ വിശദീകരിക്കുക. ഉച്ചഭക്ഷണ ഇടവേളയില്‍ വിജയ് യേശുദാസിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. സംഗമത്തിന് പമ്പാതീരത്ത് ഒരുക്കിയ 38,500 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള നിര്‍മിച്ച ജര്‍മന്‍ പന്തല്‍ മന്ത്രി സമര്‍പ്പിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. പി ഡി സന്തോഷ്‌കുമാര്‍, അഡ്വ. എ അജികുമാര്‍, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, എഡിജിപി എസ് ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

38,500 square feet German pandal, 3500 people allowed; Global Ayyappa Sangam tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT