താമരശ്ശേരി: കമ്മാളൻകുന്നത്തിലെ അടച്ചിട്ട വാടകവീട്ടിൽ പൊലീസും എക്സൈസും സംയുക്തമായി നടത്തിയ അർധരാത്രി റെയ്ഡിൽ വിദേശമദ്യശേഖരവും എഴുപതിലധികം വെടിയുണ്ടകളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച അർധരാത്രിയോടെ നടത്തിയ പരിശോധനയിലാണ് 60 കുപ്പി വിദേശമദ്യവും മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ വെടിയുണ്ടകളും കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത് ഉപയോഗിച്ചിരുന്ന നെല്ലിപ്പൊയിൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിക്കുന്ന വിദേശമദ്യം ആവശ്യക്കാർക്ക് അനധികൃതമായി വിൽപന നടത്തുന്നതിനുള്ള സംഭരണകേന്ദ്രമായാണ് ഈ വീട് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
എംപാനൽ ഷൂട്ടർമാർ കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളെ വെടിവെക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ വെടിയുണ്ടകളാണ് വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇത്രയധികം മാരകമായ വെടിയുണ്ടകൾ എന്തിനാണ് ഇവിടെ ശേഖരിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. പരിശോധനയിൽ വെടിയുണ്ടകൾ കണ്ടെത്താനായെങ്കിലും ഇവയിൽ ഉപയോഗിക്കുന്ന തോക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെടുക്കാനായിട്ടില്ല.വീട്ടുടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് നെല്ലിപ്പൊയിൽ സ്വദേശിക്കാണ് വീട് വാടകയ്ക്ക് നൽകിയിരുന്നതെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
വെടിയുണ്ടകൾ ഉപയോഗിക്കാനുള്ള തോക്ക് എവിടെ ഒളിപ്പിച്ചിരിക്കുന്നുവെന്ന് കണ്ടെത്താനും ഇത്രയധികം വെടിക്കോപ്പുകൾ സമാഹരിച്ചതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം പുറത്തുകൊണ്ടുവരാനും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ചുള്ള വന്യമൃഗവേട്ടയ്ക്കായാണോ അതോ മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണോ വെടിയുണ്ടകൾ സൂക്ഷിച്ചതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates