ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. വലിയ ചുടുകാട്ടില്‍ നിന്ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള ദീപശിഖാ റിലേയ്ക്ക് തുടക്കം. മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ ദീപശിഖ അത്ലറ്റുകള്‍ക്ക് കൈമാറി. രാവിലെ 7.30 നായിരുന്നു ദീപശിഖ കൈമാറ്റം. വിഎസ് അച്യുതാനന്ദനാണ് 2019 വരെ ദീപശിഖ തെളിച്ച് കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്.
പിഎം ശ്രീ വിഷയത്തില്‍ സിപിഎമ്മും സിപിഐയും പരസ്യമായി കൊമ്പുകോര്‍ക്കുന്ന നിലയിലേക്ക് സംസ്ഥാന രാഷ്ട്രീയം എത്തിനില്‍ക്കുമ്പോള്‍ ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ സംയുക്തമായി വേദിപങ്കിടുന്നു എന്നതാണ് ഇന്നത്തെ പ്രത്യേകത. സൈബര്‍ അധിക്ഷേപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് ജി സുധാകരന്‍ വയലാര്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമാകുന്നത്. നിരവധി ഇടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 11 മണിയോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തുമ്പോള്‍ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാര്‍ഥന്‍ ദീപം ഏറ്റുവാങ്ങി രക്തസാക്ഷിമണ്ഡപത്തില്‍ സ്ഥാപിക്കും. വൈകിട്ട് പുന്നപ്ര- വയലാര്‍ വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പുന്നപ്ര - വയലാര്‍ സമരസേനാനികളുടെ വിവരങ്ങളടങ്ങിയ 'പുന്നപ്ര വയലാര്‍ സമരസേനാനികള്‍ ഡയറക്ടറി'യും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം, സിപിഐ മന്ത്രിമാരും നേതാക്കളും പങ്കെടുക്കും. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates