Kerala

90 ശതമാനത്തിലധികം പോളിങ് നടന്ന 110 ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് കോണ്‍ഗ്രസ് ; പരാതികള്‍ ഗൗരവതരമെന്ന് ടിക്കാറാം മീണ 

കാസര്‍കോട്ടെ 110 ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. 110 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നടപടി.

കാസര്‍കോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ് നടന്നത്. അതില്‍ 110 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് യുഡിഎഫ് ആവശ്യമുന്നയിക്കുന്നത്. തൃക്കരിപ്പുര്‍, കല്യാശ്ശേരി, പയ്യന്നൂര്‍,കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റീപോളിങ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതിനെ കുറിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ട് നടന്നുവെന്ന് വെബ് ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കളക്ടറെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. റിപ്പോര്‍ട്ട് ഇന്നുതന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറുമെന്നാണ് സൂചന. 

കള്ളവോട്ട് സംബന്ധിച്ച പരാതികള്‍ ഗൗരവതരമെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കും. വിഷയത്തില്‍ കാസര്‍കോട് കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കള്ളവോട്ട് തെളിഞ്ഞാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. 

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ധര്‍മടം മണ്ഡലത്തിലെ 52, 53 നമ്പര്‍ ബൂത്തുകളില്‍ സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തുവെന്ന തെളിയിക്കുന്ന വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തുവന്നു. സിപിഐ നേതാവ് പോളിങ് ഏജന്റായി ഇരുന്ന ബൂത്തില്‍ അദ്ദേഹത്തിന്റെ മകന്റെ വോട്ടാണ് കള്ളവോട്ടായി ചെയ്തത്. യുഡിഎഫ് ഏജന്റുമാര്‍ എതിര്‍ത്തെങ്കിലും കള്ളവോട്ട് തടയാനായില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT