പാലക്കാട്: തനിക്കെതിരായി മണ്ഡലത്തില് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്ക്ക് പിന്നില് ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ കെ ബാലന്. പാലക്കാട് ജില്ലയിലെ സ്ഥാനാര്ഥികളെ തീരുമാനിച്ചിട്ടില്ലെന്നും എ കെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു.
ബാലന്റെ ഭാര്യ പി കെ ജമീലയെ തരൂര് മണ്ഡലത്തില് സ്ഥാനാര്ഥിയാക്കുന്നതിനെതിരേയാണ് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്. ഇതില് പ്രതികരിക്കുകയായിരുന്നു മന്ത്രി. സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തില് പാര്ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന സംഘടനയാണ് അത്. തെരഞ്ഞെടുപ്പ് കാലഘട്ടത്തില് രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്ക്കറിയാമെന്നും ബാലന് പ്രതികരിച്ചു.
'ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവര്ക്കും അറിയാം. മണ്ഡലത്തില് ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള് മാത്രമായിരുന്നില്ല. വരാന് പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല. എനിക്ക് ലഭിച്ചതിനേക്കാള് ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.'- ബാലന് അവകാശപ്പെട്ടു.
പാലക്കാട് ജില്ലയിലെ സ്ഥാനാര്ഥികളെ തീരുമാനിച്ചിട്ടില്ല.സ്ഥാനാര്ഥി നിര്ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. ചില പേരുകള് കേള്ക്കും , പിന്നീട് മാറും. സ്ഥാനാര്ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താം തീയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates