അഹാന്‍,എഎന്‍ ഷംസീര്‍  
Kerala

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്'; നിയമസഭയില്‍ അതിഥിയായെത്തി മൂന്നാം ക്ലാസുകാരന്‍- വിഡിയോ

മൂന്നാം ക്ലാസ് പരീക്ഷയിലെ അഹാന്റെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഷെയര്‍ ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 'സ്പൂണും നാരങ്ങയും' കളിക്ക് നിയമാവലി എഴുതി വൈറലായ മൂന്നാം ക്ലാസുകാരന്‍ അഹാന്‍ നിയമ സഭയില്‍ അതിഥി. ഇന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തിയ അഹാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ കണ്ടു.

മൂന്നാം ക്ലാസ് പരീക്ഷയിലെ അഹാന്റെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഷെയര്‍ ചെയ്തിരുന്നു. വാട്സ്ആപ്പില്‍ സ്റ്റാറ്റസായും ഇന്‍സ്റ്റ സ്റ്റോറിയായും റീലായും ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പുകളായും പിന്നീടത് വൈറലായി. പരീക്ഷയില്‍ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് 'സ്പൂണും നാരങ്ങയും' കളിയുടെ നിയമാവലിയില്‍ 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' എന്ന വലിയ നിയമം അഹാന്‍ എഴുതിച്ചേര്‍ത്തത്.

ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്‌കരിക്കാന്‍ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ക്ഷണിക്കുകയായിരുന്നു.രാവിലെ സ്പീക്കറുടെ വസതിയിയായ 'നീതി'യിലെത്തിയ അഹാന്‍ സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടര്‍ന്ന് നിയമസഭയിലെത്തി സഭാ നടപടികള്‍ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്‌നേഹസമ്മാനങ്ങള്‍ നല്‍കിയാണ് അഹാനെ സ്പീക്കര്‍ യാത്രയാക്കിയത്.

മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയും അഹാന്‍ കണ്ടു. ഇരുവരും അഹാനെ കണ്ടതിന്റെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. 'കൊച്ചുമിടുക്കന്‍ അഹാന്‍ മാതാപിതാക്കളോടൊപ്പം ഇന്ന് നിയമസഭാ മന്ദിരത്തില്‍ വന്ന് കണ്ടിരുന്നു. പരസ്പര സ്‌നേഹത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താന്‍ അഹാന് സാധിക്കട്ടെ'യെന്നും മുഖ്യമന്ത്രി ആശംസിച്ചു.

'അഹാനെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും പക്വതയാര്‍ന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാന്‍ ഏവര്‍ക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍' മന്ത്രി ശിവന്‍കുട്ടി ഫെയ്ബുക്കില്‍ കുറിച്ചു.

A third-grader Ahaan was a guest in the Legislative Assembly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി തിരുവനന്തപുരത്ത്

SCROLL FOR NEXT