Abin Varkey സ്ക്രീൻഷോട്ട്
Kerala

'ഞാന്‍ ക്രിസ്ത്യാനിയായതാണോ കുഴപ്പം?, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി; ദേശീയ സെക്രട്ടറിയാവാനില്ല

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിന്‍ വര്‍ക്കി.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിന്‍ വര്‍ക്കി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കിയ അബിന്‍ വര്‍ക്കി, തീരുമാനം പുനഃപരിശോധിക്കാന്‍ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. സാമുദായിക പരിഗണനയാണോ അധ്യക്ഷ നിയമനത്തില്‍ നിര്‍ണായകമായത് എന്ന ചോദ്യത്തിന് നേതൃത്വമാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് എന്നും അബിന്‍ വര്‍ക്കി പറഞ്ഞു. പല ഘടകങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനം താന്‍ അംഗീകരിക്കുന്നു. എങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായും അബിന്‍ വര്‍ക്കി പറഞ്ഞു.

ഒരു തരത്തിലും ഒരു വെല്ലുവിളിയായി ഇതിനെ കാണരുത്. അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. കോണ്‍ഗ്രസ് എന്ന വികാരം മാത്രമാണ് തന്റെ നെഞ്ചിലുള്ളത്. തന്നെ കേരളത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സുപ്രധാന സമയത്ത് കേരളത്തില്‍ തന്നെ തുടരാനാണ് തന്റെ താത്പര്യം. പാര്‍ട്ടി തീരുമാനത്തെ മറിച്ചുപറയില്ല. അവസാന ശ്വാസം വരെ പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ കടപ്പെട്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയോടാണ്. യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിവെച്ച ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ കടന്നുവന്നത്. പാര്‍ട്ടി എന്താണ് ആവശ്യപ്പെട്ടത് അതാണ് ഞാന്‍ ചെയ്യുന്നത്. എന്റെ പേരിനൊപ്പം കോണ്‍ഗ്രസ് എന്ന ടാഗ് കൂടി വന്നാലേ മേല്‍വിലാസം ഉണ്ടാവൂ എന്നാണ് ഞാന്‍ കരുതുന്നത്. മേല്‍വിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും തന്നെ എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല.പാര്‍ട്ടി കേരളത്തില്‍ നടത്തുന്നത് മഹാ യുദ്ധമാണ്. ആ മഹായുദ്ധം നടക്കുമ്പോള്‍ കേരളത്തില്‍ ഉണ്ടാവേണ്ടത് ഒരു അനിവാര്യതയാണ്. കാരണം ഞാന്‍ അടക്കമുള്ള നേതാക്കള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം സമരങ്ങള്‍ നടത്തിവരികയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് സുപ്രധാനമാണ്. അതിനാല്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്നതാണ് എന്റെ ആഗ്രഹം. ഈ പ്രഖ്യാപനം വന്നതിന് ശേഷം നേതാക്കന്മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ തുടരാന്‍ അവസരം തരണമെന്നാണ് അഭ്യര്‍ഥിച്ചത്.'- അബിന്‍ വര്‍ക്കി തുടര്‍ന്നു.

'പാര്‍ട്ടി തീരുമാനം തെറ്റായി പോയി എന്ന് പറയില്ല. പല ഘടകങ്ങള്‍ വിലയിരുത്തി കൊണ്ടാണ് തീരുമാനം എടുത്തത്.തീരുമാനം തെറ്റായി എന്ന് പറയില്ല.എന്റെ താത്പര്യം പാര്‍ട്ടിയോട് പറഞ്ഞു.ഇവിടെ തുടരാനാണ് ആഗ്രഹം. പിണറായി സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കാനാണ് ആഗ്രഹം. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകനായി ഇവിടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കേരളത്തില്‍ തുടരാന്‍ അനുവദിക്കണം. അഭ്യര്‍ഥിച്ചിട്ടുണ്ട്. നേതൃത്വം എന്തു തീരുമാനമെടുത്താലും ഞാന്‍ അംഗീകരിക്കും.എന്നെ വെട്ടിക്കണ്ടിച്ച് രണ്ട് കഷ്ണമാക്കിയാലും എന്റെയുളളില്‍ നിന്ന് ചോരയായിരിക്കില്ല വരുന്നത്.ത്രിവര്‍ണം ആയിരിക്കും.പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നു. ഞാന്‍ പ്രത്യേക സമുദായക്കാരനായത് കൊണ്ടാണോ ആ ഘടകം എന്ന് ചോദിച്ചാല്‍ നേതൃത്വമാണ് പറയേണ്ടത്. പക്ഷേ ഞാന്‍ കരുതുന്നില്ല. മതേതരത്വം പേറുന്ന പ്രസ്ഥാനത്തിന് അങ്ങനയൊക്കെ ചെയ്യാന്‍ സാധിക്കുമോ?ഞാന്‍ ക്രിസ്ത്യാനിയായതാണോ എന്റെ കുഴപ്പം?, അതല്ലല്ലോ'- അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

Abin Varkey expresses dissatisfaction over Youth Congress president appointment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

SCROLL FOR NEXT