കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണനെയാണ് എറണാകുളത്തെ സിബിഐ സ്‌പെഷ്യൽ ജഡ്ജിയായി മാറ്റിയത്. ഇതിനെ തുടർന്നാണ് കോടതി മാറ്റം.
വിചാരണാ നടപടികൾക്ക് വനിതാ ജഡ്ജി തന്നെ വേണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെ നിയമിച്ചത്. കോടതി മാറ്റം ഉണ്ടാകുമെങ്കിലും കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും.
അതിനിടെ തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകും. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം.
എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ അനുബന്ധ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്‍റെ പകർപ്പ് തേടി അതിജീവിത വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷം ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തിയേക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates