കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് റെയില്‍വേ അധികാരികള്‍ക്ക് തുറന്ന കുറിപ്പുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. ട്രെയിന്‍ യാത്രക്കിടെ ഇറങ്ങേണ്ട സ്‌റ്റോപ്പ് ഏതെന്ന് പരതുന്ന യാത്രക്കാരുടെ എണ്ണം കൂടി വരുന്നതായും അവസാനനിമിഷം സ്‌റ്റോപ്പേതെന്ന് അറിഞ്ഞാല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നവര്‍ അപകടത്തില്‍പ്പെടുന്നുവെന്നും കുറിപ്പിലുണ്ട്.
റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്‌റ്റേഷനുകളുടെ പേര് മുന്‍പൊക്കെ ഏത് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാലും കാണാമായിരുന്നു. ഇപ്പോള്‍ പുരോഗമനം വന്ന് ഇത്തരം ബോഡുകള്‍ അപ്രത്യക്ഷമായെന്നും കുറിപ്പില്‍ പറയുന്നു. മനുഷ്യപ്പറ്റുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാനാണിതെന്നും നിസാരമായ പണച്ചചെലവുള്ള കാര്യം എന്തുകൊണ്ട് റെയില്‍വേ അധികാരികള്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്നും ശിഹാബുദ്ദീന്‍ പോസ്റ്റില്‍ കുറിക്കുന്നു.
ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഭയാനകമായ ഒരു കാഴ്ച കാണാനിടയായി.
ഞാന്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇത് ഏത് സ്റ്റേഷന്‍ എന്നറിയാതെ അല്പം പ്രായം ചെന്ന ഒരാള്‍ ജനലഴികളിലൂടെ സ്റ്റേഷന്റെ പേര് കണ്ടു പിടിക്കാന്‍ വേവലാതിയോടെ മാറി മാറി നോക്കുന്നു. ഒടുവില്‍ ആരോ സ്റ്റേഷന്റെ പേര് ഉച്ചത്തില്‍ പറഞ്ഞതും യാത്രക്കാരന്‍ തനിക്കിറങ്ങേണ്ട സ്റ്റേഷന്‍ ഇതാണെന്ന് തിരിച്ചറിഞ്ഞ് വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നു. അപ്പോഴേക്കും വണ്ടി പതിയെ നീങ്ങിത്തുടങ്ങിയിരുന്നു.
ഈ കാഴ്ച കണ്ട് പകച്ചുപോയ പ്ലാറ്റ്‌ഫോമിലുള്ള പലരും ഇറങ്ങല്ലേ ഇറങ്ങല്ലേയെന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. യാത്രക്കാരന്‍ ധൃതിയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നു
ഒടുവില്‍ കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരും അയാളെ ഇറങ്ങാന്‍ സമ്മതിക്കാതെ പിടിച്ചു വെക്കുന്നു. അയാള്‍ കിതച്ച് കൊണ്ട് ശ്രമം ഉപേക്ഷിക്കുന്നു.
അയാള്‍ സങ്കടത്തിലും പരിഭ്രമത്തിലും പെട്ട് ആരോടെന്നില്ലാതെപറഞ്ഞു: സുഖമില്ലാത്ത ഭാര്യ സ്റ്റേഷന് പുറത്ത് കാത്തു നില്ക്കുന്നുണ്ട്. അവള്‍ക്ക് തീരെ വയ്യ. ആശുപത്രീ പോണം.
അവസാനവാക്ക് എത്തിയപ്പോഴേക്കും അതൊരു തേങ്ങലായി
അടുത്ത സ്റ്റോപ്പ് എത്താന്‍ ഒരു മണിക്കൂറ് പിടിക്കും.
തിരിച്ച് എത്തുന്നത് വരെ അവള്‍ നിലവിളിക്കും. അവള്‍ക്ക് തീരെ വയ്യ. അയാള്‍ തേങ്ങിക്കരയാന്‍ തുടങ്ങി
ഇതോടെ യാത്രക്കാരില്‍ ചിലര്‍ പ്രശ്‌നം ഏറ്റെടുത്തു സമാധാനിപ്പിച്ചു, കടന്നുപോയ സ്റ്റേഷന്‍ പരിസരത്തെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു, യാത്രക്കാരിലൊരാള്‍.
ഭാര്യയ്ക്ക് തല്ക്കാല പരിഹാരങ്ങള്‍ ഫോണില്‍ വിളിച്ച് ഏര്‍പ്പെടുത്തിയ കാര്യം തേങ്ങിക്കരയുന്ന യാത്രക്കാരനെ അയാള്‍ അറിയിച്ചതോടെ ഒരു വിധം അയാള്‍ സമാധാനിച്ചു,
ഇത്തരം സംഭവങ്ങള്‍ എന്റെ കണ്ണിലേക്ക് സാധാരണമായിരുന്നു ട്രെയിനില്‍ അത്രയേറെ യാത്ര ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ സ്റ്റോപ്പ് ചെയ്തു കൊണ്ടിരിക്കുന്ന സ്റ്റേഷന്‍ ഏതാണെന്ന് പരതുന്ന യാത്രക്കാരുടെ എണ്ണം നാള്‍ക്ക് കൂടി വരുന്നത് കാണുന്നു.. .അവസാനനിമിഷം തിരിച്ചറിഞ്ഞ് ഇറങ്ങാന്‍ ശ്രമിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ആലോചിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ.എത്ര പേര്‍ വണ്ടിയ്ക്കടിയില്‍ പെട്ടിട്ടുണ്ടാവും? എത്ര പേരുടെ കൈയും കാലും പോയിട്ടുണ്ടാവും.
എന്താണ് പ്രശ്‌നം ?
പ്രശ്‌നം നിസ്സാരം!
റെയില്‍വേ സ്റ്റേഷനില്‍ മുമ്പൊക്കെ ഏത് കമ്പാര്‍ട്ടുമെന്റില്‍ നിന്ന് നോക്കിയാലും നിര്‍ത്തിയിട്ട സ്റ്റേഷന്റെ പേര് കാണാമായിരുന്നു. പുരോഗമിച്ച് പുരോഗമിച്ച് അതൊക്കെ എടുത്തു കളഞ്ഞു.
ഓരോ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും യാത്രക്കാര്‍ക്ക് അനായാസം തിരിച്ചറിയാന്‍ കഴിയും വിധം പേര് എഴുതി വെച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ, നിസ്സാരമായ പണച്ചിലവേ ഉള്ളൂ. അതാണ് ശാസ്ത്രീയതയും, പക്ഷേ, എന്ത് കൊണ്ട് റെയില്‍വേ അധികാരികള്‍ക്ക് ഇത് ചെയ്യാനാവുന്നില്ല?
തീര്‍ച്ചയായും അവര്‍ക്ക് അവരുടെയായ പരിമിതിയും പ്രശ്‌നങ്ങളും ഉണ്ടാവും.
പണ്ടത്തെക്കാള്‍ ജോലിഭാരവും മന:സംഘര്‍ഷവും ജീവനക്കാരെ അലട്ടുന്നതായി റെയില്‍വെ സുഹൃത്തുക്കളില്‍ നിന്നറിയുന്നു,
പക്ഷേ, മനുഷ്യപ്പറ്റുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇത് പെടുന്നുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ അവരെ അറിയിക്കാനാണ് ഈ കുറിപ്പ് റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ സുഹൃത്തുക്കളോടിത് പറഞ്ഞു കഴിഞ്ഞു. പക്ഷേ, അവരെ ഇത് നിരന്തരമായി ഓര്‍മ്മിപ്പിക്കുക അസാധ്യമാണ്.
തൊഴിലിടങ്ങളിലെ സാമൂഹ്യ നിസ്സംഗത അനുദിനം വര്‍ധിച്ചു വരുന്ന ഈ കാലത്തും നല്ല ഹൃദയമുള്ള ഒരാള്‍ റെയില്‍ വെ മേലുദ്യോഗസ്ഥരില്‍ ഉണ്ടാവാതിരിക്കില്ല. അജ്ഞാതനായ അയാള്‍ വായിക്കാനാണ് ഈ പോസ്റ്റ്'
ജാതിയും മതവും വര്‍ഗീയതയും പറഞ്ഞു കളിക്കുന്ന വൈകാരിക മന്ദ ബുദ്ധികളോട് ഒന്നും പറയാനില്ല.
തന്റെ അടുത്തിരിക്കുന്ന അപരിചിതനായ ഒരാളാണ് ദൈവം. വളരെ ലളിതമാണ് കാര്യം.
ഇന്ന് ഞാന്‍ നാളെ നീ ' അത്രയേയുള്ളൂ കാര്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates