മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിടാനുള്ള കാരണങ്ങൾ പരസ്യമായി സമ്മതിച്ച് മുൻ സ്പീക്കറും മുതിർന്ന സിപിഎം നേതാവുമായ എ.എൻ. ഷംസീർ. മലപ്പുറം കാളികാവിൽ സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയാണ്, സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പാർട്ടി വരുത്തിയ വീഴ്ചകൾ ഒന്നൊന്നായി ഏറ്റുപറഞ്ഞ് ഷംസീർ രംഗത്തെത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും, വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപങ്ങളിൽ പാർട്ടിയുടെ പ്രതിരോധത്തിന് ശക്തി കുറഞ്ഞുപോയെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. തെറ്റുകൾ തിരുത്തി പാർട്ടി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഷംസീർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടി നടത്തിയ ആത്മപരിശോധനയെക്കുറിച്ചും സ്വയംവിമർശനത്തെക്കുറിച്ചും ഷംസീർ പ്രസംഗത്തിൽ വിശദീകരിച്ചു. "ഞങ്ങളുടെ സ്ഥാനാർത്ഥി നിർണ്ണയം പയ്യന്നൂരിലും തളിപ്പറമ്പിലും പാളി. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ ആക്ഷേപിച്ചപ്പോൾ അതിനെ ഞങ്ങൾ ശക്തമായി പ്രതിരോധിച്ചു, പക്ഷേ ആ പ്രതിരോധ പ്രസ്താവനക്ക് കരുത്തു കുറവാണെന്ന് ഞങ്ങൾ സ്വയംവിമർശനം നടത്തി. പിന്നെ അയ്യപ്പസംഗമം... അത് ഞങ്ങളുടേതല്ല, സർക്കാർ നടത്തിയതാണ്. എന്നാൽ അയ്യപ്പസംഗമത്തിൽ ഒരു കാരണവശാലും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ പാടില്ലായിരുന്നുവെന്നും ഞങ്ങൾ വിമർശനം നടത്തി. കേവലം ഒരു പരാജയത്തിന് ശേഷം ഇങ്ങനെ തുറന്ന സ്വയംവിമർശനം നടത്താൻ കുഞ്ഞാലിയുടെ പാർട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക?" - ഷംസീർ പറഞ്ഞു.
ജനങ്ങളാണ് രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും യജമാനന്മാരെന്ന് ഷംസീർ ഓർമ്മിപ്പിച്ചു. "സഖാക്കളേ നിങ്ങൾക്ക് തെറ്റുപറ്റി എന്ന് ജനങ്ങൾ പറയുന്നു. ആ തെറ്റ് ഞങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളും, തിരുത്തും. പോരായ്മകൾ പരിഹരിച്ച് വർദ്ധിത വീര്യത്തോടെ ഞങ്ങൾ തിരിച്ചുവരിക തന്നെ ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണപക്ഷമായ യുഡിഎഫിനെതിരെയും പ്രസംഗത്തിൽ ഷംസീർ പരിഹാസ ശരം എയ്തു. യുഡിഎഫിൽ ഇപ്പോൾ മധുവിധു കാലമായതിനാലാണ് തങ്ങൾ ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദവിക്കായി മൂന്നു പേരാണ് അവിടെ മത്സരിച്ചതെന്നും, ഒടുവിൽ ചെന്നിത്തലയെ 'തൂഫാനാക്കി' വിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates