കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബാബൂസ് ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഓണവിപണി മുന്നില്‍ക്കണ്ട് സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കത്തിനശിച്ചത്. ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികള്‍ തീ കണ്ടയുടന്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉത്രാടദിനമായ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
പലചരക്ക് സാധനങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഓണക്കാലത്തെ കച്ചവടത്തിനായി സാധാരണയേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഇവിടെ സംഭരിച്ചിരുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കളും ഉണ്ടായിരുന്നതിനാല്‍ തീ നിമിഷനേരംകൊണ്ട് ആളിപ്പടര്‍ന്നു. കനത്ത പുകയും ഉയര്‍ന്നു. അങ്കമാലി ഫയര്‍ സ്റ്റേഷനില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഫയര്‍ സ്റ്റേഷന് അടുത്താണ് ഗോഡൗണെങ്കിലും, കനത്ത പുകയും തീയുടെ തീവ്രതയും കാരണം ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായി. ദേശീയപാതയോരത്തുള്ള കെട്ടിടമായതിനാലും ഓണത്തിരക്കായതിനാലും അങ്കമാലി-ആലുവ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടസ്ഥലത്ത് കാഴ്ചക്കാരായി ആളുകള്‍ തടിച്ചുകൂടിയതും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വാഹനങ്ങള്‍ നിര്‍ത്തിയതും ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ യാത്ര പോലും തടസ്സപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates