തിരുവനന്തപുരം: ഭക്ഷ്യവകുപ്പിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചൊവ്വ മുതല്‍ വെള്ളി വരെ മന്ത്രിയെ നേരിട്ട് അറിയിക്കാന്‍ സംവിധാനം. പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് വിലയിരുത്തുന്നതിന്റെ ഭാഗമാണ് ഭക്ഷ്യപൊതുവിതരണമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പുതിയ സംവിധാനം ഒരുക്കുന്നത്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ടെലിഫോണിലൂടെയും ഓണ്‍ലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. 
ചൊവ്വാഴ്ച (മെയ് 25) മുതല്‍ വെള്ളിയാഴ്ച (28) വരെ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ മൂന്നൂമണിവരെയാണ് മന്ത്രിയുമായി ബന്ധപ്പെടാന്‍ അവസരമുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഫോണിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. 8943873068 എന്ന ഫോണ്‍ നമ്പരിലേക്കാണ് വിളിക്കേണ്ടത്.
വിശദമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ളവര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൂം പ്‌ളാറ്റ്‌ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ്, പി.ആര്‍.ഡി വെബ്‌സൈറ്റുകള്‍ വഴി ലഭ്യമാക്കും. ഭക്ഷ്യ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും ഈ മാര്‍ഗങ്ങളിലൂടെ നേരിട്ടറിയിക്കാം.
ഇതിനുപുറമേ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ 1967 എന്ന ടോള്‍ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോര്‍ട്ടലും നിലവിലുണ്ട്. min.food@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും രേഖാമൂലം അറിയിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates