Arya Rajendran file
Kerala

'മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും 21 വയസ്സുള്ള പെണ്‍കുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി'; നന്ദി പറഞ്ഞ് വൈകാരിക കുറിപ്പുമായി ആര്യ രാജേന്ദ്രന്‍

ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാന്‍ നേടിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം മുതല്‍ നട്ടാല്‍ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകര്‍ത്ത് ഈ നാട്ടിലെ ജനങ്ങള്‍ എന്നെ സംരക്ഷിച്ചതും എന്റെ പാര്‍ട്ടി എന്നെ ചേര്‍ത്ത് നിര്‍ത്തിയതും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നു. അതിനിടെ, വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍. പാര്‍ട്ടിക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ആര്യയുടെ കുറിപ്പ്. ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം അതിപ്രധാനമാണെന്നും ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാന്‍ നേടിയിട്ടുണ്ടെന്നും ആര്യ പറയുന്നു.

'' വ്യക്തി അധിക്ഷേപം മുതല്‍ നട്ടാല്‍ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകര്‍ത്ത് ഈ നാട്ടിലെ ജനങ്ങള്‍ എന്നെ സംരക്ഷിച്ചതും എന്റെ പാര്‍ട്ടി എന്നെ ചേര്‍ത്ത് നിര്‍ത്തിയതും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. എത്രയോ ജീവിത സാഹചര്യങ്ങള്‍, എത്രയോ കരുതലുകള്‍, എത്രയോ സ്‌നേഹബന്ധങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സ്വയം മനസ്സിലാക്കിയ നിമിഷങ്ങള്‍ ഈ അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇടയിലുണ്ട്. നാം അനുഭവിച്ച ജീവിത സാഹചര്യങ്ങളെക്കാള്‍ പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലെ മനുഷ്യരെ കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന തീരുമാനങ്ങള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത അത്രയും കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും അഭിപ്രായവും നിര്‍ദ്ദേശവും കേട്ട് ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന നിലവാരത്തിലേക്ക് നഗരത്തെ ഉയര്‍ത്താന്‍ സാധിച്ചു. രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള UN-Habitat അവാര്‍ഡ് നമ്മുടെ നഗരത്തിന് ലഭിക്കുമ്പോള്‍ എന്റെ പേരിനൊപ്പം 'തിരുവനന്തപുരം ഇന്ത്യ' എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മികച്ച നഗരസഭ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും,കേന്ദ്ര സര്‍ക്കാരിന്റെയും തുടങ്ങി വിവിധ അവാര്‍ഡുകള്‍ ചരിത്രത്തിലാദ്യമായി നമ്മുടെ നഗരത്തിന് നേടാനായി. അതിന് നേതൃത്വം നല്‍കാന്‍ ഈ ഭരണസമിതിയ്ക്ക് സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്‌'', ആര്യ പറയുന്നു.

തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക എല്‍ഡിഎഫ് പ്രഖ്യാപിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ മത്സരരംഗത്തില്ല. 101 സീറ്റുകളില്‍ 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റ് എട്ട് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയമുള്ളവരേ...

ഞാന്‍ ജനിച്ചു വളര്‍ന്നത് ഒരു സാധാരണ കുടുംബത്തിലാണ്. തൊഴിലാളിയായ അച്ഛന്‍,അമ്മ,ചേട്ടന്‍ എന്നിവര്‍ അടങ്ങുന്ന കുടുംബം. കുടുംബ സാഹചര്യം,അച്ഛന്റെയും അമ്മയുടെയും ഉയര്‍ന്ന രാഷ്ട്രീയ ബോധം തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ട് ഞാനും ചേട്ടനും ഓര്‍മ്മ വച്ച കാലം മുതല്‍ ബാലസംഘം പരിപാടികള്‍ ഉള്‍പ്പടെ സാധ്യമായ എല്ലാ പാര്‍ട്ടി പരിപാടികളിലും അവരോടൊപ്പം പങ്കെടുക്കുമായിരുന്നു. എന്റെ ബാല്യകൗമാര കാലഘട്ടത്തില്‍ ഒരുപാട് പ്രയാസങ്ങള്‍ ഒരു സാധാരണ കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പടെ ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ പഠന കാലം മുതല്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്.അപ്പോഴും അച്ഛനും അമ്മയും ഒരിക്കല്‍ പോലും ആ സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടത് ചെയ്യാതിരുന്നിട്ടില്ല. വാടക വീട്ടിലെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചത്. എന്നിലെ രാഷ്ട്രീയത്തെ പാകപ്പെടുത്തുന്നതില്‍ ആ ജീവിതം നല്‍കിയ പാഠങ്ങള്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്നത് ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. മുന്നില്‍ വരുന്ന മനുഷ്യന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം വിശന്നിട്ടാണോ വിഷമിച്ചിട്ടാണോ എന്ന് തിരിച്ചറിയാന്‍ എന്നെ പഠിപ്പിച്ചത് ആ ജീവിതമാണ്.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി എന്നെ തീരുമാനിക്കുമ്പോള്‍ എന്റെ പ്രായം 21 വയസ്സാണ്. കോളേജ് പഠനവും സൗഹൃദവുമായി സംഘടന ഉത്തരവാദിത്വത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്നെ അത്ര സുപരിചിതമായ കാര്യമായിരുന്നില്ലയെങ്കിലും മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് സ്ഥാനാര്‍ഥികളോടൊപ്പം പോയ പരിചയമുണ്ട്. പക്ഷെ കൂട്ടത്തിലെ ചെറിയ കുട്ടികളായ ഞങ്ങളെ ആളുകള്‍ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരായി കണ്ടിട്ടുണ്ടോ എന്ന് എനിക്ക് എല്ലായ്‌പ്പോഴും സംശയമാണ്. അങ്ങനെ പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ, മുടവന്മുകളിലെ സഖാക്കളുടെ ശക്തമായ പ്രവര്‍ത്തനം, കൃഷ്ണന്‍ സഖാവിന്റെ നേതൃത്വം, ജനങ്ങളുടെ സ്‌നേഹം,പിന്തുണ എല്ലാം കൊണ്ട് ചരിത്രമുറങ്ങുന്ന മുടവന്മുകളിന്റെ മണ്ണില്‍ ഞാന്‍ വിജയിച്ചു. 2020 ഡിസംബര്‍ 21 ന് കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം,പതുക്കെ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. പിന്നീടാണ് പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന് മേയറായി ചുമതല നല്‍കിയത്.

ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാന്‍ നേടിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം മുതല്‍ നട്ടാല്‍ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകര്‍ത്ത് ഈ നാട്ടിലെ ജനങ്ങള്‍ എന്നെ സംരക്ഷിച്ചതും എന്റെ പാര്‍ട്ടി എന്നെ ചേര്‍ത്ത് നിര്‍ത്തിയതും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.

എത്രയോ ജീവിത സാഹചര്യങ്ങള്‍, എത്രയോ കരുതലുകള്‍, എത്രയോ സ്‌നേഹബന്ധങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സ്വയം മനസ്സിലാക്കിയ നിമിഷങ്ങള്‍ ഈ അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇടയിലുണ്ട്. നാം അനുഭവിച്ച ജീവിത സാഹചര്യങ്ങളെക്കാള്‍ പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലെ മനുഷ്യരെ കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന തീരുമാനങ്ങള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത അത്രയും കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും അഭിപ്രായവും നിര്‍ദ്ദേശവും കേട്ട് ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന നിലവാരത്തിലേക്ക് നഗരത്തെ ഉയര്‍ത്താന്‍ സാധിച്ചു. രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള UN-Habitat അവാര്‍ഡ് നമ്മുടെ നഗരത്തിന് ലഭിക്കുമ്പോള്‍ എന്റെ പേരിനൊപ്പം 'തിരുവനന്തപുരം ഇന്ത്യ' എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മികച്ച നഗരസഭ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും,കേന്ദ്ര സര്‍ക്കാരിന്റെയും തുടങ്ങി വിവിധ അവാര്‍ഡുകള്‍ ചരിത്രത്തിലാദ്യമായി നമ്മുടെ നഗരത്തിന് നേടാനായി. അതിന് നേതൃത്വം നല്‍കാന്‍ ഈ ഭരണസമിതിയ്ക്ക് സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്.

രാഷ്ട്രീയത്തിലെ ഏറ്റവും തെറ്റായ വ്യാജപ്രചാരണവും ആക്ഷേപവും പരിഹാസവുമൊക്കെ പ്രചരിപ്പിച്ച ഈ കാലഘട്ടത്തില്‍ നഗരത്തിലെ നാല് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ അഭിമാനാര്‍ഹമായ വിജയം നേടി എന്നത് എന്നുമോര്‍ക്കുന്ന ചരിത്രമുഹൂര്‍ത്തമാണ്.

ഡെപ്യൂട്ടി മേയര്‍ സ.പി കെ രാജു നല്‍കിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. ഒരു മകളെ പോലെ എന്നെ സ്‌നേഹിക്കുകയും മേയര്‍ എന്ന നിലയില്‍ ഞാന്‍ പറയുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണ ബഹുമാനവും അംഗീകാരവും നല്‍കിയ അദ്ദേഹം കൂടി ചേര്‍ന്നാണ് ഇതെല്ലാം സാധ്യമായത്. അദ്ദേഹം ഉള്‍പ്പടെ ചെയര്‍പേഴ്‌സന്മാരും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും എല്ലാവരും ചേര്‍ന്ന് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു.

പ്രതിസന്ധികള്‍ മറികടന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറ്റവും വലിയ ഊര്‍ജ്ജം നല്‍കിയത് ഈ സര്‍ക്കാരാണ്, അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയാണ്. പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ അദ്ദേഹത്തേക്കാള്‍ നല്ലൊരു ഉദാഹരണമുണ്ടെന്ന് തോന്നുന്നില്ല. യുവജനങ്ങള്‍ക്ക് എത്ര പ്രാധാന്യം അദ്ദേഹം നല്‍കുന്നു എന്നതിന്റെ അനുഭവസ്ഥയാണ് ഞാന്‍. തെറ്റുകള്‍ തിരുത്തുന്നത് പോലെ പ്രധാനമാണ് ശരിയായ വിഷയങ്ങളില്‍ അഭിനന്ദിക്കുന്നതും എന്നിങ്ങനെ എല്ലാ കാര്യത്തിലും ശ്രദ്ധിച്ച്, സഹിക്കാന്‍ കഴിയാത്ത പ്രയാസം വന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാമെന്ന് പറഞ്ഞ്, മുന്നോട്ട് പോകാന്‍ ഒരുപാട് ദൂരമുണ്ടെന്ന് ബോധ്യപ്പെടുത്തിയ ആ വലിയ മനുഷ്യനോട് എന്നും ഞാന്‍ കടപ്പെട്ടിരിക്കും. അനാവശ്യമായി അങ്ങനെ കയറിചെല്ലേണ്ടി വന്നില്ലെങ്കിലും അങ്ങനെ ഒരാള്‍ അവിടെയുണ്ടെന്ന ധൈര്യം ചെറുതായിരുന്നില്ല. ഈ അവസരത്തില്‍ ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. മനസ്സ് കൊണ്ടെങ്കിലും എന്നോടൊപ്പമുണ്ടായിരുന്ന എല്ലാവരോടും നന്ദി. ആരുടെയും പേര് വിട്ടു പോകാന്‍ പാടില്ലാത്തത് കൊണ്ട് പേരുകള്‍ പറയുന്നില്ല.

സംസ്ഥാന പാര്‍ട്ടി നേതൃത്വം സ.കോടിയേരി ബാലകൃഷ്ണന്‍,സ.എം വി ഗോവിന്ദന്‍ മാഷ്, ജില്ലയിലെ പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കിയ സ.ആനാവൂര്‍ നാഗപ്പന്‍, സ.വി ജോയി,എന്നിങ്ങനെ താഴെ തട്ട് വരെയുള്ള ഓരോ സഖാക്കളോടും സ്‌നേഹവും നന്ദിയും ഈ അവസരത്തില്‍ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ എല്ലാ ഘടകകക്ഷികളോടും നന്ദി. മേയര്‍ സെക്ഷന്‍ മേയര്‍ സെല്‍ എന്നിങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനം ഏറ്റെടുത്തവരെ നിങ്ങള്‍ എന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.

പ്രായം കുറഞ്ഞ ഒരാളെ തലസ്ഥാനത്തിന്റെ മേയര്‍ എന്ന പദവിയിലേക്ക് എത്തിച്ച എന്റെ പാര്‍ട്ടിയുടെ തീരുമാനത്തെ അനുകൂലിച്ചവരെയും, പൊതു ഇടങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതിരോധം തീര്‍ത്ത ഒരുപാട് മനുഷ്യരെയും ഒരിക്കലും മറക്കില്ല. പൊതുരംഗത്ത് എന്റെ ആദ്യപാഠശാല ആയ എന്റെ ബാലസംഘത്തിലെയും സമരജീവിതത്തിന്റെ കരുത്ത് പകര്‍ന്ന് എന്നിലെ ആത്മബലത്തെ ഉരുക്കുപോലുറച്ചതാക്കിയ എന്റെ എസ്എഫ്‌ഐലെയും ഇന്നും എന്റെ രാഷ്ട്രീയത്തെ മൂര്‍ച്ചയുള്ളതാക്കി തീര്‍ക്കാന്‍ ആശയകരുത്തായി ഒപ്പമുള്ള എന്റെ ഡിവൈഎഫ്‌ഐയിലെയും പ്രിയങ്കരരായ സഖാക്കള്‍ക്കും ഈ ഘട്ടത്തില്‍ നന്ദി രേഖപെടുത്തുകയാണ്.സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന് നഗരസഭയ്ക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിരോധം തീര്‍ക്കുന്ന ഇന്നോളം നേരില്‍പോലും കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം എത്തിക്കാന്‍ ചെറിയ ശ്രമം പോലും നടത്തിയ ഓരോ വ്യക്തിയെയും, മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളോടും നന്ദി അറിയിക്കുന്നു.

മുന്‍പത്തെക്കാള്‍ ഇന്ന് കുടുംബം വലുതായി. നേരത്തെ സൂചിപ്പിച്ച പ്രയാസങ്ങളോടെ വളര്‍ന്ന എനിക്ക് ആ പ്രയാസങ്ങളില്‍ വിട്ടുപോകാത്ത ഒരു ജീവിതപങ്കാളിയുമുണ്ട്, ഒരു കുഞ്ഞുമുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ഞങ്ങളുടെ കുടുംബങ്ങള്‍ നല്‍കിയ പിന്തുണയാണ് എന്നിലെ ജനപ്രതിനിധിയെ നിങ്ങള്‍ക്കായി നല്‍കിയത്. മഴ പെയ്താല്‍ ചോര്‍ന്നോലിക്കുന്ന ഒരു വീട്ടില്‍ നിന്നും 21 വയസ്സുള്ള പെണ്‍കുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി ചരിത്രമെഴുതുമ്പോള്‍ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാര്‍ട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കഴിയു എന്ന് ചരിത്രം പറയും. ഇനിയും സംഘടനാപ്രവര്‍ത്തനരംഗത്ത് നിലവിലെ ചുമതലകള്‍ നിര്‍വ്വഹിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും.

പോരാട്ടം തുടരും??

Arya Rajendran leaves an emotional note thanking him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിര്‍ദേശം; വിഡിയോ

കൈമാറ്റം ജഡേജയ്ക്ക് ഇഷ്ടപ്പെട്ടില്ല? ചൂടുപിടിച്ച ചർച്ചകൾക്കിടെ താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് അപ്രത്യക്ഷം!

ഡല്‍ഹി സ്‌ഫോടനത്തില്‍ ഒന്‍പത് മരണം; അതീവ ജാഗ്രതാ നിര്‍ദേശം; കേരളത്തില്‍ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യൻ വിദ്യാർഥിനി യുഎസിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

രാജ്യവ്യാപകമായി സൈന്യം ഇറങ്ങും,ഫോട്ടോയും വിഡിയോയും എടുക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

SCROLL FOR NEXT