V S Achuthanandan, P C Kurumba ഫെയ്സ്ബുക്ക്
Kerala

'വലിയ ഒരു സ്നേഹമനസ്സ് ഈ ചിരിയിൽ പ്രതിഫലിക്കുന്നുണ്ട് ; രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഇഴയടുപ്പം'

വിഎസും പി സി കുറുമ്പയും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ചരുവിലിന്റെ പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മണ്ണ് മനുഷ്യന് നൽകുന്ന സമരധിക്കാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് വി എസ് അച്യുതാനന്ദനെന്ന് എഴുത്തുകാരനായ അശോകൻ ചരുവിൽ. വിഎസും ഇരിങ്ങാലക്കുടയിലെ ദലിത് കര്‍ഷകത്തൊഴിലാളി സമരനായിക പി സി കുറുമ്പയും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ചരുവിലിന്റെ പോസ്റ്റ്. സമരപോരാളികൾ തമ്മിലാവുമ്പോൾ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തിൽ കാണുന്നുണ്ട്. അശോകൻ ചരുവിൽ കുറിച്ചു.

വി എസ് ചിരിക്കുന്ന ഫോട്ടോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. ചിരിവരുമ്പോൾ മാത്രം ചിരിക്കുന്ന രാഷ്ട്രീയനേതാവാണ് അദ്ദേഹം. പക്ഷേ മറ്റു ചിത്രങ്ങളിലുള്ളതിനേക്കാൾ വലിയ ഒരു സ്നേഹമനസ്സ് ഈ ഫോട്ടോയിലെ ചിരിയിൽ പ്രതിഫലിക്കുന്നുണ്ട്. പി സി കുറുമ്പയാകട്ടെ തനിക്ക് ഏറ്റവും അടുപ്പമുള്ള, അവലംബമായ ഒരാളോടെന്ന പോലെയാണ് അദ്ദേഹത്തോട് സ്വകാര്യം പറയുന്നത്. ഈ ഫോട്ടോയിലേക്ക് നോക്കുമ്പോൾ തന്റെ ബാല്യ കാലവും മനസ്സിൽ പുനർജ്ജനിക്കാറുണ്ടെന്ന് ചരുവിൽ പറയുന്നു.

വി എസും പി സി കുറുമ്പയും ഒന്നിച്ചുള്ള ഫോട്ടോ "കാട്ടൂർക്കടവ്" നോവൽ എഴുതുന്ന കാലത്ത് തനിക്ക് വലിയ അവലംബമായിരുന്നു. ഒരുപക്ഷേ ഈ ചിത്രമാണോ ആ നോവലെഴുതാനുള്ള ആദ്യത്തെ പ്രേരണ എന്നുപോലും തോന്നുന്നുണ്ട്. എഴുത്ത് ചിലപ്പോഴെല്ലാം ചില സന്ദി​ഗ്ധതകളിൽ ചെന്ന് വഴിമുട്ടുമല്ലോ. അപ്പോഴെല്ലാം ഈ ചിത്രം തനിക്ക് വഴിയൊരുക്കിയിട്ടുണ്ട്. വി.എസിൻ്റെ ചിരി മാത്രമല്ല. സഖാവ് കുറുമ്പയുടെ വാർദ്ധക്യശരീരം. അതിൻ്റെ നിറം, കരുത്ത്, കാരുണ്യം എന്നിവയെല്ലാം. അശോകൻ ചരുവിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

ഈ ഫോട്ടോ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യട്ടെ. പലവട്ടം ഞാനിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സഖാവ് വി.എസും ഇരിങ്ങാലക്കുടയിലെ ദളിത് കർഷകത്തൊഴിലാളി സമരനായിക പി.സി.കുറുമ്പയും ഒന്നിച്ചുള്ളത്. ഇതെങ്ങനെയോ കൈമറിഞ്ഞ് എൻ്റെ കയ്യിൽ എത്തിയതാണ്. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ ആയിരിക്കെ വി.എസ്. തൃശൂരിലെത്തിയ സമയത്ത് അവർ തമ്മിൽ കണ്ടപ്പോൾ ആരോ എടുത്തത്. സമരപോരാളികൾ തമ്മിലാവുമ്പോൾ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തിൽ കാണുന്നുണ്ട്. വി.എസ്. ചിരിക്കുന്ന ഫോട്ടോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. ചിരിവരുമ്പോൾ മാത്രം ചിരിക്കുന്ന രാഷ്ട്രീയനേതാവാണ് അദ്ദേഹം. പക്ഷേ മറ്റു ചിത്രങ്ങളിലുള്ളതിനേക്കാൾ വലിയ ഒരു സ്നേഹമനസ്സ് ഈ ഫോട്ടോയിലെ ചിരിയിൽ പ്രതിഫലിക്കുന്നുണ്ട്. പി.സി.കുറുമ്പയാകട്ടെ തനിക്ക് ഏറ്റവും അടുപ്പമുള്ള, അവലംബമായ ഒരാളോടെന്ന പോലെയാണ് അദ്ദേഹത്തോട് സ്വകാര്യം പറയുന്നത്.

പലപ്പോഴും ഈ ഫോട്ടോയിലേക്ക് ഞാൻ സാകൂതം നോക്കാറുണ്ട്. ഇതിലേക്ക് നോക്കുമ്പോൾ ഒരു കാലം എൻ്റെ മനസ്സിൽ പുനർജ്ജനിക്കും. ആ കാലത്തിൻ്റെ ഇങ്ങേയറ്റത്ത് എൻ്റെ ബാല്യവും ഉണ്ട്. പി.സി.കുറുമ്പയടക്കം എത്രയോപേർ അക്കാലത്ത് എന്നെ അമ്മയിൽ നിന്ന് കൈമാറി എടുത്തു നടന്നിട്ടുണ്ടാവും? ജാഥകളിൽ നടക്കുമ്പോഴും പൊതുയോഗങ്ങളിൽ ഇരിക്കുമ്പോഴും കുട്ടികളെ കൈമാറി എടുക്കുന്ന പതിവ് സ്ത്രീകൾക്കിടയിൽ ഉണ്ടല്ലോ. മുതിർന്നശേഷം കണ്ടപ്പോൾ അവരിൽ ചിലർ പറയാറുണ്ട്: "നിനക്കന്ന് ഒരു പാറ്റയുടെ കനമേ ഉണ്ടായിരുന്നുള്ളു. ഒരു വികൃതിയും പിടിവാശിയുമില്ലാത്ത കുട്ടി" എന്നൊക്കെ.

വി.എസും പി.സി.കുറുമ്പയും ഒന്നിച്ചുള്ള ഈ ഫോട്ടോ "കാട്ടൂർക്കടവ്" നോവൽ എഴുതുന്ന കാലത്ത് എനിക്ക് വലിയ അവലംബയായിരുന്നു. ഒരുപക്ഷേ ഈ ചിത്രമാണോ ആ നോവലെഴുതാനുള്ള ആദ്യത്തെ പ്രേരണ എന്നുപോലും തോന്നുന്നുണ്ട്. എഴുത്ത് ചിലപ്പോഴെല്ലാം ചില സന്ദിഗ്ദതകളിൽ ചെന്ന് വഴിമുട്ടുമല്ലോ. അപ്പോഴെല്ലാം ഈ ചിത്രം എനിക്ക് വഴിയൊരുക്കിയിട്ടുണ്ട്. വി.എസിൻ്റെ ചിരി മാത്രമല്ല. സഖാവ് കുറുമ്പയുടെ വാർദ്ധക്യശരീരം. അതിൻ്റെ നിറം, കരുത്ത്, കാരുണ്യം. നിശ്ചയമായും ആ നോവൽ പി.സി.കുറുമ്പയുടെ ജീവിതത്തെ മുൻനിർത്തിയുള്ളതല്ല. കാട്ടൂർക്കടവിലെ നായിക മീനാക്ഷിക്ക് പി.സി.കുറുമ്പയുമായി ബന്ധമില്ല. പി.സി.കുറുമ്പ സ്വന്തം പേരിൽതന്നെ ആ നോവലിൽ പലയിടങ്ങളിലും പരാമർശിക്കപ്പെടുന്നുണ്ട്. പക്ഷേ അവരുടേത് മറ്റൊരു ജീവിതമാണ്. ഓർമ്മിക്കുമ്പോൾ ചങ്കുപിടയുന്ന ജീവിതകഥ. അതു പകർത്താനുള്ള പ്രതിഭയൊന്നും ഈയുള്ളവനില്ല. അതിനുള്ള പ്രതിഭാശക്തിയുമായി മറ്റൊരാൾ സമീപഭാവിയിലെങ്കിലും കടന്നു വരുമായിരിക്കും.

പക്ഷേ പി.കെ.മീനാക്ഷിയുടെ രൂപഭാവങ്ങളിൽ പി.സി.കുറുമ്പ കലർന്നിട്ടില്ല എന്നു പറയാനാവില്ല. വിശേഷിച്ചും അവരുടെ രാഷ്ട്രീയജാഗ്രതയിൽ. കർഷകത്തൊഴിലാളി എന്ന നിലക്കുള്ള അസ്തിത്വത്തിൽ. ആ നിലക്കുള്ള ജീവിതനിഷ്ഠയിലും അഭിമാനബോധത്തിലും. കഥാപാത്രമായ പി.കെ.മീനാക്ഷിയേപ്പോലെ മണ്ണിൽ പണിയെടുത്തുള്ള ജീവിതം എക്കാലത്തും അഭിമാനകരമായി കരുതിയ പോരാളിയാണ് പി.സി.കുറുമ്പയും. ജാതിയുടെ പേരിൽ തന്നെ പുറംതള്ളിയ ഭർത്താവിൻ്റെ വയലിലും തൊഴിലാളിയായി ചെയ്യാൻ മീനാക്ഷിക്ക് മടിയുണ്ടായിരുന്നില്ല. മീനാക്ഷിയും സഖാവ് കുറുമ്പയും വാർദ്ധക്യകാലത്ത് ആരുടേയും ഔദാര്യം പറ്റാതെ പാടത്ത് പണിയെടുത്താണ് ജീവിച്ചത്. അതിൻ്റെ ഭാഗമായ ധിക്കാരവും രണ്ടുപേർക്കും ഉണ്ടായിരുന്നു. മണ്ണ് മനുഷ്യന് നൽകുന്ന ഈ സമരധിക്കാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് സഖാവ് വി.എസ്. ആ തിരിച്ചറിവിൻ്റെ ഫലമായുണ്ടായ സ്നേഹമാണ് അദ്ദേഹത്തിൻ്റെ ചിരിയിൽ കാണാനാവുന്നത്.

അശോകൻ ചരുവിൽ

Writer Asokan Charuvil says that VS Achuthanandan is the political leader who most recognizes the power of struggle that the soil gives to man.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

അയല്‍ക്കാരിയെ കയറിപ്പിടിച്ചു, ഒളിവില്‍ കഴിയവെ പുലര്‍ച്ചെ കാമുകിയെ കാണാനെത്തി; കൈയോടെ പൊക്കി പൊലീസ്

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി, വരുമാന വര്‍ധന; കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യത

വയനാട്ടിലെ കടുവയെ തുരത്താൻ ശ്രമം, ഡെംബലെ 'ദ ബെസ്റ്റ്'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT