തൃശൂര്‍: സംസ്ഥാനത്ത് ഭരണം മാറ്റം അനിവാര്യമാണെന്ന സച്ചിദാനന്ദന്റെയും സാറാ ജോസഫിന്റെയും പ്രതികരണത്തിനെതിരെ പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍. സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും ഒന്നിച്ചു രക്ഷിക്കാന്‍ ഇത്തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരണമെന്ന എംഎന്‍ കാരശേരിയുടെ വാദമാണ് ഇവര്‍ പിന്തുടരുന്നതെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. അതിനുള്ള കാരണമായി അവര്‍ പറയുന്നത് ഇത്തവണയും ഭരണം ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ഒന്നാകെ ബിജെപിയില്‍ ചേരും എന്നുള്ളതാണ്.
'ചില ഘട്ടങ്ങളില്‍ 'രക്ഷിക്കാനും' ചില ഘട്ടങ്ങളില്‍ 'നശിപ്പിക്കാനും' വേണ്ടി ഇടതുപക്ഷത്തെ, പ്രത്യേകിച്ചും അതിനകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വിമര്‍ശിച്ച ചരിത്രമാണ് ഈ വലിയ എഴുത്തുകാര്‍ക്കുള്ളത്. കാരശേരിമാഷും സാറടീച്ചറും തൊപ്പിവെച്ചിട്ടാണ് രംഗത്തിറങ്ങിയതെങ്കില്‍ അതിനു മുന്‍പേ തന്നെ തോക്കുപിടിച്ച് ഇറങ്ങിയ ചരിത്രമാണ് സച്ചിമാഷ്‌ക്കുള്ളത്'- അശോകന്‍ ചരുവില്‍ പറയുന്നു.
അശോകന്‍ ചരുവിലിന്റെ കുറിപ്പ്
തോല്‍പ്പിച്ചും തകര്‍ത്തും ഇടതുപക്ഷത്തെ സഹായിക്കാന്‍ ശ്രമിക്കുന്നവര്‍.
'സി.പി.എമ്മിനേയും കോണ്‍ഗ്രസ്സിനേയും ഒന്നിച്ചു രക്ഷിക്കാന്‍' ഇത്തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരണമെന്ന വാദഗതി ആദ്യം മുന്നോട്ടു വെച്ച പണ്ഡിതന്‍ എം.എന്‍.കാരശ്ശേരിയാണ്. തുടര്‍ച്ചയായ അധികാരം കൊണ്ട് സി.പി.എം. തകരും എന്നാണ് അദ്ദേഹത്തിന്റെ 'ഭയം.' യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരേണ്ടതിന്റെ കാരണമായി അദ്ദേഹം പറയുന്നത് 'ഇത്തവണയും ഭരണം ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ഒന്നാകെ ബി.ജെ.പി.യില്‍ ചേരും' എന്നുള്ളതാണ്.
ഓര്‍ക്കേണ്ട ഒരു സംഗതി കാരശ്ശേരി മാഷ് ഈ വാദം 2021ലും ഉന്നയിച്ചിരുന്നു എന്നതാണ്. എന്നാല്‍ വോട്ടര്‍മാര്‍ സി.പി.എമ്മിനോട് അദ്ദേഹത്തിനുള്ളത്ര 'സ്‌നേഹം' പ്രകടിപ്പിച്ചില്ല. ആ പാര്‍ട്ടിിയെ അധികാരത്തില്‍ കൊണ്ടുവന്ന് 'നശിപ്പിക്കാനാണ്' അവര്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രിയപ്പെട്ടവരായ സച്ചിദാനന്ദന്‍ മാഷും സാറാ (ജോസഫ്) ടീച്ചറും കാരശ്ശേരി മാഷെ പിന്തുടര്‍ന്നിരിക്കുന്നു. ചിലഘട്ടങ്ങളില്‍ 'രക്ഷിക്കാനും' ചിലഘട്ടങ്ങളില്‍ 'നശിപ്പിക്കാനും' വേണ്ടി ഇടതുപക്ഷത്തെ, പ്രത്യേകിച്ചും അതിനകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വിമര്‍ശിച്ച ചരിത്രമാണ് ഈ വലിയ എഴുത്തുകാര്‍ക്കുള്ളത്. കാരശേരിമാഷും സാറടീച്ചറും തൊപ്പിവെച്ചിട്ടാണ് രംഗത്തിറങ്ങിയതെങ്കില്‍ അതിനു മുന്‍പേ തന്നെ തോക്കുപിടിച്ച് ഇറങ്ങിയ ചരിത്രമാണ് സച്ചിമാഷ്‌ക്കുള്ളത്.
എന്നാല്‍ ഇങ്ങനെ വിമര്‍ശിക്കുന്ന ഇവര്‍ ഇടതുപക്ഷത്തിന് അന്യരാണോ? ഒരിക്കലുമല്ല. രണ്ടു കാരണങ്ങളാണ് അതിനുള്ളത്. ഒന്നാമത്തേത് ഇവര്‍ പ്രതിഭാശാലികളായ എഴുത്തുകാര്‍ ആണെന്നതു തന്നെ. രണ്ടാമത്തേത് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന മറ്റു ചില സാഹിത്യനായകന്മാരെപ്പോലെ ഇവര്‍ രാഷ്ട്രീയ ഹിന്ദുത്വപക്ഷത്തോട് അനുഭാവം പുലര്‍ത്തുന്നില്ല. സംഘപരിവാര്‍ ഭീകരതയെ എതിര്‍ക്കാനും തള്ളിപ്പറയാനും ഇടതുപക്ഷത്തോടൊപ്പം തയ്യാറാവുന്നു. ഇത് ഇക്കാലത്ത് വളരെ പ്രധാനപെട്ട സംഗതിയാണ്.
രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഹിന്ദു മതരാഷ്ട്രവാദത്തേയും തങ്ങളുടെ ആവശ്യത്തിനു വേണ്ടി അവര്‍ പോഷിപ്പിച്ച് സംരക്ഷിച്ചു കൊണ്ടിരിക്കുന്ന ഇതര മതതീവ്രവാദങ്ങളേയും തള്ളിപ്പറയാന്‍ തയ്യാറാവുന്നവക്ക്, അവര്‍ സാംസ്‌കാരികനായകരായാലും മത, സമുദായനേതാക്കളായാലും വലിയ പ്രസക്തിയാണ് ഇന്നുള്ളത്. ഈ നായകരുടെ ഉള്ളിലെ കമ്യൂണിസ്റ്റ് വിരോധം, സ്ത്രീവിരുദ്ധത, പ്രാമാണിത്വം തുടങ്ങിയ വിഷയങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ അത്ര പ്രസക്തമായി ഇടതുപക്ഷത്തിന് കാണാനാവില്ല. കേരളത്തില്‍ നടന്ന സാമൂഹ്യപരിവര്‍ത്തന പ്രക്രിയയില്‍ പ്രിവിലേജ് നഷ്ടപ്പെട്ടതിന്റെ ഗൃഹാതുരസങ്കടത്തില്‍ അഭിരമിക്കുന്ന നിരവധി പേര്‍ സാംസ്‌കാരികരംഗത്തുണ്ട്. അവരില്‍ പലരും അതിന്റെ പക ഇടതുപക്ഷത്തോടാണ് പുലര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ സംഘപരിവാറിനെതിരെ നിലപാടെടുക്കുന്ന പക്ഷം അവരെ അകറ്റി നിര്‍ത്താന്‍ ഇടതുപക്ഷത്തിനാവില്ല.
ഇടതുപക്ഷത്തെ നിരന്തരം വിമര്‍ശിക്കുന്ന സാംസ്‌കാരികനായകര്‍ക്ക് എന്തുകൊണ്ട് പുരസ്‌കാരം നല്‍കുന്നു, എന്തിന് അവര്‍ക്ക് അക്കാദമി സ്ഥാനങ്ങള്‍ നല്‍കുന്നു എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ഇടതുപക്ഷ പുരോഗമനപ്രസ്ഥാനം എഴുത്തുകാരെ ആദരിക്കുന്നത് അവരുടെ പ്രത്യക്ഷ രാഷ്ട്രീയാഭിപ്രായങ്ങളെ മുന്‍നിര്‍ത്തിയല്ല. സര്‍ഗ്ഗാത്മക സംഭാവനകളിലൂടെ അവര്‍ മുന്നോട്ടു വെക്കുന്ന മാനവികതയെ പരിഗണിച്ചാണ്. പ്രത്യക്ഷമായ രാഷ്ട്രീയാഭിപ്രായങ്ങള്‍ പല സാഹചര്യങ്ങളില്‍ ഉണ്ടാവുന്നതാണ്. ഓരോരുത്തരുടെയും വ്യക്തിപരമായ അനുഭവങ്ങള്‍, വര്‍ഗ്ഗ - വംശ പാരമ്പര്യങ്ങള്‍, പ്രകോപനങ്ങള്‍ എന്നിവയൊക്കെ അതിനു കാരണമാവാം. അവയല്ല കൃതികളിലൂടെ എഴുത്തുകാര്‍ മുന്നോട്ടുവെക്കുന്ന മാനവികതയാണ് പ്രധാനമെന്ന് ഇടതുപക്ഷ സാംസ്‌കാരിക പ്രസ്ഥാനമായ പുരോഗമന കലാസാഹിത്യസംഘം പെരുമ്പാവൂരില്‍ വെച്ച് 1992 ല്‍ പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്.
ആദരണീയരായ എഴുത്തുകാരെ അക്കാദമി ഭാരവാഹികളായി നിയോഗിക്കുമ്പോഴും, അവര്‍ക്ക് ബഹുമതികള്‍ നല്‍കുമ്പോഴും അവരുടെ വായ്മൂടിക്കെട്ടുംവിധമുള്ള ഒരു നീക്കവും ഇടതുപക്ഷം നടത്തുക പതിവില്ല. രാഷ്ട്രീയവിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ സംവാദാത്മകമായി അതിന് കൃത്യമായ മറുപടി പറയുമെന്ന് മാത്രം. ഇത് ഒരു ഇടതുപക്ഷ സാംസ്‌കാരിക നയമാണ്. എന്നാല്‍ ഈ നയമല്ല യു.ഡി.എഫിന് ഉള്ളത് എന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. അഴിമതിയെ വിമര്‍ശിച്ച അക്കാദമി വൈസ് പ്രസിഡണ്ട് ബാലചന്ദ്രന്‍ വടക്കേടത്തിനെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അച്ചടക്ക നടപടി എടുത്ത് പുറത്താക്കുകയാണുണ്ടായത്. അദ്ദേഹം അക്കാദമിക്കു മുന്നില്‍ അന്ന് സത്യഗ്രഹം നടത്തി.
1984 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ വക്കം പുരുഷോത്തമനും സുശീല ഗോപാലനുമാണ് മത്സരിച്ചത്. വ്യക്തിബന്ധത്തിന്റെ പേരില്‍ അന്ന് തകഴി ശിവശങ്കരപ്പിള്ള വക്കത്തിനു വേണ്ടി സംസാരിച്ചു. അന്ന് പി.ജി. പറഞ്ഞ വാക്കുകളാണ് ഓര്‍മ്മയില്‍ വരുന്നത്.
'തെരഞ്ഞെടുപ്പുരാഷ്ടിയത്തിലെ തകഴിയുടെ ഭരണവര്‍ഗ്ഗനിലപാടിനെ ഞങ്ങള്‍ ശക്തിയായി എതിര്‍ക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ കൃതികളുടെ മഹത്വം ഞങ്ങള്‍ ഉദ്‌ഘോഷിക്കുക തന്നെ ചെയ്യും.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates