വിഎസ് അച്യുതാനന്ദന്‍  
Kerala

'അന്നുമുതലാണ്... വിഎസ് വെട്ടിനിരത്തലുകാരന്‍ ആയി മാറിയത്'

കുട്ടനാട്ടിലെ ചെളിവരമ്പുകളില്‍ താന്‍ കണ്ടറിഞ്ഞ മനുഷ്യാനുഭവങ്ങളില്‍ നിന്നാണ് വി.എസ്. എന്ന സമരസംഘാടകന്‍ രൂപമെടുക്കുന്നത്. ആരെങ്കിലും വി.എസിനെ പരിസ്ഥിതി പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പുഷ്പവേലില്‍ ഔസേപ്പിന്റെ വയലില്‍ പണിയെടുത്തിരുന്ന ചാത്തനും ചിരുതയും കോരനും മത്തായിയും വെളുത്തയും കാളിപ്പറയനുമാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ നിരന്തരമായ സമരപ്രക്ഷോഭങ്ങളിലുടെയും മുഖ്യമന്ത്രിയായിരിക്കെ നിയമനിര്‍മ്മാണങ്ങളിലൂടെയും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷികകേരളം എക്കാലവും ഓര്‍ക്കുമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ആര്‍ത്തിപിടിച്ച മൂലധനമുതലാളിത്തത്തിന്റെ കൊള്ളയില്‍ നിന്ന് കേരളത്തിന്റെ മണ്ണും ജലവും വനവും സംരക്ഷിക്കുന്നതിന് തുനിഞ്ഞിറങ്ങിയ ജനനേതാവാണ് സഖാവ് വിഎസ്. അച്യുതാനന്ദന്ദനെന്നും അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

'പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കുന്ന പരന്ന പാടങ്ങള്‍' ഈ കേരളത്തില്‍ ഇന്ന് തെല്ലെങ്കിലും ബാക്കിയുണ്ടെങ്കില്‍ അത് ആ സമരത്തിന്റെ ഫലമാണ്. വി.എസിന്റെ പാരിസ്ഥിതികാന്വേഷണങ്ങളും ജലവും മണ്ണും സംരക്ഷിക്കാനുള്ള ത്യാഗോജ്ജ്വലമായ യാത്രകളും അവിടെന്ന് തുടങ്ങുന്നു. പിന്നീട് കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനായി രൂപപ്പെട്ട നിയമങ്ങള്‍ അതിന്റെ തുടര്‍ച്ചയാണ്. ജന്മിത്തറവാടും തോട്ടങ്ങളും വിറ്റ് നഗരത്തില്‍ ചേക്കേറിയ നവബ്രാഹ്മണ്യത്തിന്റെ ഗൃഹാതുരസ്മൃതിയല്ല വി.എസിന്റെ പാരിസ്ഥിതികവബോധം. അത് അദ്ദേഹം ഉള്‍ക്കൊണ്ട പ്രത്യയശാസ്ത്രത്തിന്റേയും നീണ്ടകാലത്തെ സമരാനുഭവങ്ങളുടേയും പ്രകാശമാണ്'- കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

മഹാത്മാ അയ്യങ്കാളിയില്‍ നിന്ന് വി.എസിലേക്ക്;

അറിവിനും മണ്ണിനും ജലത്തിനും വേണ്ടിയുള്ള ജനകീയസമരങ്ങള്‍.

ആര്‍ത്തിപിടിച്ച മൂലധനമുതലാളിത്തത്തിന്റെ കൊള്ളയില്‍ നിന്ന് കേരളത്തിന്റെ മണ്ണും ജലവും വനവും സംരക്ഷിക്കുന്നതിന് തുനിഞ്ഞിറങ്ങിയ ജനനേതാവാണ് സഖാവ് വി.എസ്. അച്യുതാനന്ദന്‍. പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ നിരന്തരമായ സമരപ്രക്ഷോഭങ്ങളിലുടെയും മുഖ്യമന്ത്രിയായിരിക്കെ നിയമനിര്‍മ്മാണങ്ങളിലൂടെയും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷികകേരളം എക്കാലവും ഓര്‍ക്കും.

ഒരു പ്രത്യേകഘട്ടത്തില്‍ പരിസ്ഥിതിവാദിയായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ചില മാധ്യമങ്ങള്‍ അദ്ദേഹത്തെ പരിശോധിച്ചു കണ്ടിട്ടുള്ളത്. വി.എസിനെ 'പരിസ്ഥിതി പഠിപ്പിച്ചത്' തങ്ങളാണ് എന്നവകാശപ്പെടുന്ന ചില വിദ്വാന്മാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ മണ്ണും ജലവും സംരക്ഷിക്കുക എന്നത് വി.എസ്. എന്ന കമ്യൂണിസ്റ്റിന്റെ എക്കാലത്തേയും അടിസ്ഥാന കാഴ്ചപ്പാടായിരുന്നു.

തിരുവതാംകൂര്‍ വയലുകളിലെ കൂലിയടിമകളെ ആത്മാഭിമാനമുള്ള കര്‍ഷകത്തൊഴിലാളികളാക്കാനുള്ള ചരിത്ര ദൗത്യമാണ് അച്ചുതാനന്ദന്‍ എന്ന യുവാവിനെ പി.കൃഷ്ണപിള്ള ഏല്‍പ്പിച്ചത്. സംഘബലവും സമരവും എന്തെന്ന് അച്ചുതാനന്ദന്‍ തൊഴിലാളികളെ പഠിപ്പിച്ചിട്ടുണ്ടാവും. പക്ഷേ അതിലേറെ അദ്ദേഹം അവരില്‍ നിന്നു പഠിച്ചു. മാക്‌സിം ഗോര്‍ക്കിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അതായിരുന്നു വി.എസിന്റെ യൂണിവേഴ്‌സിറ്റി. കുട്ടനാട്ടിലെ ചെളിവരമ്പുകളില്‍ താന്‍ കണ്ടറിഞ്ഞ മനുഷ്യാനുഭവങ്ങളില്‍ നിന്നാണ് വി.എസ്. എന്ന സമരസംഘാടകന്‍ രൂപമെടുക്കുന്നത്. ആരെങ്കിലും വി.എസിനെ പരിസ്ഥിതി പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പുഷ്പവേലില്‍ ഔസേപ്പിന്റെ വയലില്‍ പണിയെടുത്തിരുന്ന ചാത്തനും ചിരുതയും കോരനും മത്തായിയും വെളുത്തയും കാളിപ്പറയനുമാണ്.

മണ്ണില്‍ വിത്തുകള്‍ എന്ന പ്രോലെ അറിവിന്റെ ഉറവകള്‍ പൊട്ടുന്നത് അദ്ധ്വാനത്തിലാണെന്നുള്ളത് നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. മെച്ചപ്പെട്ട കൂലിക്കും തൊഴില്‍ സാഹചര്യങ്ങള്‍ക്കും വേണ്ടിയല്ലാതെ പൊതുജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി പ്രക്ഷോഭം നടത്തി മുറിവേറ്റതിന്റെ ചരിത്രം കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തിനുണ്ട്. വ്യവസായത്തൊഴിലാളികളുടെ തിരുവതാംകൂറിലെ ആദ്യത്തെ വലിയ പണിമുടക്ക് ഉത്തരവാദിത്വഭരണത്തിനു വേണ്ടിയായിരുന്നു. മണ്ണില്‍ പണിയെടുക്കുന്നവരുടെ സമരചരിത്രം അതിനേക്കാള്‍ മഹത്വമേറിയതാണ്. തങ്ങളുടെ മക്കള്‍ക്ക് ഔപചാരിക വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ടിയാണ് ഈ മലയാളമണ്ണില്‍ ആദ്യത്തെ കര്‍ഷകതൊഴിലാളി സമരം നടക്കുന്നത്. എല്ലാ വാതികളും അടഞ്ഞപ്പോള്‍ മഹാത്മാ അയ്യങ്കാളി പ്രഖ്യാപിച്ച സമരം രണ്ടു വര്‍ഷക്കാലം നീണ്ടു നിന്നു.

പൊതുജീവിതപ്രശ്‌നത്തെ അയ്യങ്കാളി തുറന്ന കര്‍ഷകത്തൊഴിലാളി പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം വി.എസിന്റെ നേതൃത്വത്തിലാണ് നടന്നത്. ഒന്നാം ഘട്ടത്തില്‍ അത് ജ്ഞാനത്തിനു വേണ്ടിയായിരുന്നുവെങ്കില്‍ പുതിയ ഘട്ടത്തില്‍ അത് അതിനേക്കാള്‍ ജീവദായകമായ മണ്ണും ജലവും അന്നവും സംരക്ഷിക്കാനായിരുന്നു. വി.എസിന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് പ്രഖ്യാപിച്ച നെല്‍വയല്‍ സംരക്ഷണസമരം. നെല്‍വയലുകള്‍ ഭൂമിയുടെ ഹൃദയധമനികളായ നീര്‍ത്തടങ്ങള്‍ കൂടിയാണ് എന്ന പ്രഖ്യാപനമായിരുന്നു അത്. ഭരണവര്‍ഗ്ഗത്തിന്റെ ഭാഗമായ മാധ്യമങ്ങളും അന്നേ കേരളത്തില്‍ രൂപപ്പെട്ടു തുടങ്ങിയ അരാഷ്ട്രീയ മധ്യവര്‍ഗ്ഗമലയാളിമനസ്സും അന്ന് വി.എസിനെ ആക്രമിച്ചു. അന്നുമുതലാണ് വലതുമാധ്യമങ്ങള്‍ക്ക് വി.എസ്. 'വെട്ടിനിരത്തലുകാരന്‍' ആയി മാറിയത്. എത്രയെത്ര കാര്‍ട്ടൂണുകള്‍. ട്രോളുകള്‍. പരിഹാസകഥകള്‍. വയലില്‍ നിന്ന് തെങ്ങിന്‍ തൈയും വാഴയും കപ്പയും റബ്ബറും പറിച്ചുമാറ്റിയതിന്റെ 'ദാരുണ കഥകള്‍.' ഭീകരമായ കടന്നാക്രമണമായിരുന്നു. സര്‍ സി.പി.യുടെ ഇടിയന്‍ നാരായണപിള്ളയുടെ മുന്നില്‍ താഴാത്ത ആ ശിരസ് വലതു മഞ്ഞക്കടലാസുകള്‍ക്ക് മുന്നില്‍ പതറുമെന്ന് അവര്‍ കരുതിയോ?

അന്ന് കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ നെല്‍വയല്‍ സംരക്ഷണസമരം കേരളത്തിന്റെ കാര്‍ഷികചരിത്രത്തിലെ ഒരു നവാദ്ധ്യായമായി മാറിയത് തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് കാണാം. 'പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കുന്ന പരന്ന പാടങ്ങള്‍' ഈ കേരളത്തില്‍ ഇന്ന് തെല്ലെങ്കിലും ബാക്കിയുണ്ടെങ്കില്‍ അത് ആ സമരത്തിന്റെ ഫലമാണ്. വി.എസിന്റെ പാരിസ്ഥിതികാന്വേഷണങ്ങളും ജലവും മണ്ണും സംരക്ഷിക്കാനുള്ള ത്യാഗോജ്ജ്വലമായ യാത്രകളും അവിടെന്ന് തുടങ്ങുന്നു. പിന്നീട് കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനായി രൂപപ്പെട്ട നിയമങ്ങള്‍ അതിന്റെ തുടര്‍ച്ചയാണ്.

ജന്മിത്തറവാടും തോട്ടങ്ങളും വിറ്റ് നഗരത്തില്‍ ചേക്കേറിയ നവബ്രാഹ്മണ്യത്തിന്റെ ഗൃഹാതുരസ്മൃതിയല്ല വി.എസിന്റെ പാരിസ്ഥിതികവബോധം. അത് അദ്ദേഹം ഉള്‍ക്കൊണ്ട പ്രത്യയശാസ്ത്രത്തിന്റേയും നീണ്ടകാലത്തെ സമരാനുഭവങ്ങളുടേയും പ്രകാശമാണ്.

Ashokan Charuvil's Facebook post in memory of VS Achuthanandan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT