കൊച്ചി: ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്ന കേസില്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മ അറസ്റ്റില്‍. മകളുടെ കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ നേരില്‍ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഹൈക്കോടതി കവാടത്തിലെത്തിയത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ടോക്കണ്‍ എടുത്താണ് ഹൈക്കോടതി കെട്ടിടത്തില്‍ പ്രവേശിക്കാനാകൂ. എന്നാല്‍ ടോക്കണ്‍ ഇല്ലാതെ എത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതോടെ ജഡ്ജിമാരെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ബഹളം വെക്കുകയായിരുന്നു.
ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ജഡ്ജിമാരെ നേരിട്ടു കാണാന്‍ സാധിക്കില്ലെന്നും, അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിക്കാമെന്നും സ്ഥലത്തെത്തിയ സെന്‍ട്രല്‍ പൊലീസും വനിതാ പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവരെ വനിതാ പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കരുതല്‍ തടങ്കല്‍ പ്രകാരം കസ്റ്റഡിയിലെടുത്ത നിയമവിദ്യാര്‍ത്ഥിനിയുടെ അമ്മയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. മകളെ കൊലപ്പെടുത്തിയ പ്രതി അമീറുള്‍ ഇസ്ലാമിനെ തൂക്കിക്കൊല്ലണമെന്നും, നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് അമ്മ ഹൈക്കോടതിയിലെത്തിയത്. ഇക്കാര്യം ജഡ്ജിമാരോട് നേരിട്ട് ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം വെച്ചത്.
2016 ഏപ്രിൽ 28-നാണ് നിയമവിദ്യാർത്ഥിനിയായ യുവതിയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ പെരുമ്പാവൂരിലെ വീട്ടിൽ കണ്ടെത്തിയത്. പ്രതി അമീറുൾ ഇസ്ലാമിന് എറണാകുളം സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വധശിക്ഷ ശരിവച്ചെങ്കിലും സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates