തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാർക്ക് നൽകിയ മാർഗനിർദ്ദേശത്തിലാണ് സപ്ലൈകോ ജനറൽ മാനേജർ ആർ രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഭക്ഷ്യകിറ്റ് വിതരണം അവതാളത്തിലാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടത്താൻ സാധ്യതയുള്ളതിനാൽ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നാണ് കത്തിൽ പറയുന്നത്. സർക്കാരിൻറെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിടെയാണ് ജനറൽ മാനേജറുടെ മുന്നറിയിപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമായെന്ന് വിലയിരുത്തപ്പെട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിൻറെ പ്രവർത്തനത്തെ തുരങ്കം വയ്ക്കാൻ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് കത്തിൽ മുന്നറിയിപ്പ് നൽകിയതെന്നാണ് സൂചന.
ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, കൃത്യമായി പാക്ക് ചെയ്ത സമയബന്ധിതമായി റേഷൻ കടകളിൽ എത്തിക്കാനാണ് നിർദ്ദേശം. സപ്ലൈക്കോ ടെണ്ടർ വഴി വാങ്ങുന്ന സാധനങ്ങളിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പ്രാദേശികമായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാൻ റീജണൽ മാനേജർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates