പ്രതീകാത്മക ചിത്രം 
Kerala

പ്രഭാത നടത്തത്തില്‍ കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് 

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രഭാത നടത്തം ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പ്രഭാത നടത്തത്തിന് സുരക്ഷിതമായ പാത തെരഞ്ഞെടുത്തില്ലെങ്കില്‍ അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

2022 ല്‍ മാത്രം 32,825 കാല്‍നട യാത്രികരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇരുചക്ര വാഹന സഞ്ചാരികള്‍ കഴിഞ്ഞാല്‍ മരണത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കാല്‍നടയാത്രക്കാരാണ്. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ എന്നിവ പ്രഭാത നടത്തത്തിനായി തെരഞ്ഞെടുക്കാതിരിക്കുക. 
കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും ,കറുത്ത റോഡും പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണുക അസാദ്ധ്യമാക്കുന്ന കാര്യമാണ്. അപകടങ്ങളില്‍ പെടാതിരിക്കാന്‍ കാല്‍നട യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

കുറിപ്പ്: 

സുരക്ഷിതമായ നല്ല നടപ്പ് 
പ്രഭാത നടത്തങ്ങള്‍ നമ്മുടെ ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്ല ശീലങ്ങള്‍ സ്വായത്തമാക്കുന്ന കാര്യത്തില്‍ നാം മലയാളികള്‍ പുറകിലല്ല.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് ഈയടുത്ത കാലത്ത്.
ഇന്ത്യയില്‍ 2022 - ല്‍ മാത്രം 32,825 കാല്‍നട യാത്രികരാണ് കൊല്ലപ്പെട്ടത് ഇരുചക്ര വാഹന സഞ്ചാരികള്‍ കഴിഞ്ഞാല്‍ മരണത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കാല്‍നടക്കാര്‍ ആണെന്നത് സങ്കടകരമായ സത്യമാണ്.
തിരുവനന്തപുരത്ത് ഈയിടെ 2 പേര്‍ കൊല്ലപ്പെട്ട സംഭവം ഈ കാര്യത്തില്‍ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു.
പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ കാല്‍ നട യാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള നമ്മുടെ അജ്ഞത ഇങ്ങനെ പല കാരണങ്ങള്‍ മൂലവും പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നു.
രാത്രിയില്‍ കാല്‍നടയാത്രക്കാരുടെ ദൃശ്യപരത ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണ്. കാല്‍നടയാത്രക്കാരനെ താരതമ്യേന വളരെ മുന്‍ കൂട്ടി കണ്ടാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകള്‍ അമര്‍ത്തി പ്രതികരിക്കണം. 
കേരളത്തിലെ സാധാരണ റോഡുകളില്‍ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറില്‍ 70 കി.മീ  (സെക്കന്റില്‍ 19.5 മീറ്റര്‍)സഞ്ചരിക്കുന്ന ഡ്രൈവര്‍ ഒരു കാല്‍നടയാത്രക്കാരനെ കണ്ട് പെട്ടെന്ന് കണ്ട് ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന Reaction time ഏകദേശം 1 മുതല്‍ 1.5 സെക്കന്‍ഡ് ആണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
 ഈ സമയത്ത് വാഹനം  30 മീറ്റര്‍  മുന്നോട്ട് നീങ്ങും , ബ്രേക്ക് ചവിട്ടിയതിന് ശേഷം പൂര്‍ണ്ണമായി നില്‍ക്കാന്‍ പിന്നെയും 36 മീറ്റര്‍ എടുക്കും.  അതായത് ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ ഏറ്റവും കുറഞ്ഞത് 66 മീറ്ററെങ്കിലും മുന്‍പ് കാണണം. 
വെളിച്ചമുള്ള റോഡുകളില്‍ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാന്‍ കഴിയുന്നത് കേവലം 30 മീറ്റര്‍ പരിധിക്ക് അടുത്തെത്തുമ്പോള്‍ മാത്രമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു (വെളിച്ചം കുറവുള്ള റോഡില്‍ അത് 10 മീറ്റര്‍ വരെയാകാം )  അതും കാല്‍നടയാത്രികന്‍  റോഡിന്റെ ഇടത് വശത്താണെങ്കില്‍.ഡ്രൈവറുടെ വലതു വശത്തെ വിന്റ് ഷീല്‍ഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറല്‍ വിഷന്റെ  പ്രശ്‌നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും.
മഴ, മൂടല്‍മഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ,  ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. 
കാല്‍നടയാത്രക്കാര്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാല്‍നടയാത്രക്കാരെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കില്ല എന്നതും പ്രശ്‌നമാണ്. 
വസ്ത്രത്തിന്റെ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി, കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും ,കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണുക എന്നത് തീര്‍ത്തും അസാദ്ധ്യമാക്കുന്നു.
കാല്‍ നട യാത്രക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണിവയൊക്കെ.ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ താഴെ കാണുക.
കരുതാം ഈ കാര്യങ്ങള്‍:

സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.

കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക.

വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ തിരഞ്ഞെടുക്കാം .

തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

ഫുട്പാത്ത് ഇല്ലെങ്കില്‍ നിര്‍ബന്ധമായും അരികില്‍  കൂടി വരുന്ന വാഹനങള്‍ കാണാവുന്ന രീതിയില്‍ റോഡിന്റെ വലത് വശം ചേര്‍ന്ന് നടക്കുക.

വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.
കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

സാധ്യമെങ്കില്‍ റിഫ്‌ളക്ടീവ് ജാക്കറ്റുകളൊ അത്തരം വസ്ത്രങ്ങളൊ ഉപയോഗിക്കുക.

വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങള്‍ പാഞ്ഞു വരാമെന്ന ശ്രദ്ധ വേണം .

ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.

കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അധിക ശ്രദ്ധ നല്‍കണം.

റോഡിലൂടെ വര്‍ത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.
വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ പാഞ്ഞുവരുന്ന ഒരു വാഹനത്തിനായി പ്രത്യേകം ശ്രദ്ധ വേണം.

മൂടല്‍ മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ വശങ്ങള്‍ നന്നായി കാണാന്‍ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക. കഴിയുമെങ്കില്‍ പ്രതികൂല കാലാവസ്ഥ ഒഴിവാക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT